തിരുവനന്തപുരം കൻ്റോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്ക പട്ടിക സങ്കീർണം

തിരുവനന്തപുരം കൻ്റോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിലെ സമരങ്ങൾ നേരിടുന്നതിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസിസ്റ്റൻറ് കമ്മീഷണർക്ക് സമ്പർക്കമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിൻറെ സമ്പർക്ക പട്ടിക സങ്കീർണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു.
സമ്പർക്ക പട്ടികയിൽ ഷാഫി, ശബരി, വി വി രാജേഷ് തുടങ്ങിയവർ ഉൾപ്പെടുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണരുടെ ഗൺമാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷണർ നിരീക്ഷണത്തിലാണ്.
അതിനിടെ, തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിൽ 11 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചിലരുടെ കുടുംബാംഗങ്ങളും പൊസിറ്റീവായിട്ടുണ്ട്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.