കോവിഡ് വാക്സീന്‍ കേരളത്തിലേക്ക് വിമാനമാർഗം എത്തിക്കുന്നു,

ന്യൂഡൽഹി / കോവിഡ് വാക്സീന്‍ കേരളത്തിലേക്ക് വിമാനമാർഗം എത്തിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനമാർഗം ആണ് വാക്സീൻ എത്തിക്കുന്നത്. പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് മാത്രമായിരിക്കും കേരളത്തിലേക്ക് അയക്കുന്നത്.
സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂജ നടത്തിയ ശേഷം രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് ശീതീകരിച്ച ട്രക്കുകളില്‍ കോവിഡ് വാക്സീന്‍ പുണെയിൽനിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് വാക്‌സിൻ കൊണ്ടുപോയത്. കേരളത്തിനുള്ള കോവിഡ് വാക്സീൻ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് ആയിരിക്കുമെന്നു കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ കഴിഞ്ഞ ദിവസം അറിയിച്ചു.
രാജ്യത്ത് ആദ്യഘട്ടത്തിലെ 3 കോടി പേർക്കു കോവിഡ് വാക്സീൻ കുത്തിവയ്പിനുള്ള ചെലവു കേന്ദ്ര സർക്കാർ വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു. ജനപ്രതിനിധികളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ചില സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയുണ്ടായില്ല. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോരാളികൾക്കുമുള്ളതാണ്. ജനപ്രതിനിധികൾ അതിൽപ്പെടുന്നില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.