കോവിഡ് വാക്സിൻ : ലോകം ഹൈദ്രാബാദിനെ ഉറ്റ് നോക്കുന്നു.

കോവിഡിനെതിരെ ലോകത്താകമാനം പോരാട്ടം തുടരുമ്പോൾ എല്ലാവരും ഉറ്റ് നോക്കുന്നത് കോവിഡ് വാക്സിൻ്റെ നിർമ്മാണ പുരോഗതിയാണ്.കോ വാക്സിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നതാകട്ടെ നമ്മുടെ ഹൈദ്രാബാദും.’ലോകത്തിന്റെ വാക്സീൻ തലസ്ഥാനം’ എന്നാണ് ഹൈദരാബാദ് അറിയപ്പെടുന്നത് തന്നെ. ഹൈദ്രാബാദിൻ്റെ ഈ പിൻബലത്തിൽ ലോകത്തിലെ പ്രധാന വാക്സിൻ നിർമ്മാണത്തിൽ 60 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്.
ആഗോള വാക്സീൻ വിതരണത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്താണു ഹൈദരാബാദ് തലയെടുപ്പോടെ നിൽക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ കോവിഡ് സാധ്യതാ വാക്സീൻ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് 5, ജോൺസൺ ആൻഡ് ജോൺസന്റെ Ad26.Cov2.S, ഫ്ലൂജെന്നിന്റെ കോറോഫ്ലു, സനോഫിയുടെ പരീക്ഷണ വാക്സീൻ തുടങ്ങിയവയ്ക്കെല്ലാം ഹൈദരാബാദ് ബന്ധമുണ്ട്. ഇവിടുത്തെ എല്ലാ വാക്സീൻ കമ്പനികൾക്കും മികച്ച നിർമാണ സാങ്കേതികവിദ്യയും നല്ല നിലവാരവും അവകാശപ്പെടാൻ ഉണ്ട്. ഒപ്പം ദശലക്ഷക്കണക്കിനു ഡോസുകൾ നിർമിക്കാൻ ശേഷിയുമുണ്ട്.
ഹൈദരാബാദിലെ വാക്സീൻ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും ലോകത്തിന് വാക്സീൻ ഉത്പാദിപ്പിക്കാൻ ഈ നഗരം തന്നെ വേണമെന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്. അക്കാദമിക് ലബോറട്ടറികളിലും വാക്സിനേതര കമ്പനികളിലുമാണു നിലവിൽ കോവിഡ് വാക്സീൻ പരീക്ഷണം നടക്കുന്നത്.