മറ്റുള്ളവർക്ക് സഹായവുമായി ജീവൻ അപായപ്പെടുത്തി പോലും മുന്നിൽ നിന്ന കോവിഡ് പോരാളികളെ ആദരിച്ച് ന്യൂബർഗ്

കോഴിക്കോട്: ഏറ്റവും വേഗത്തിൽ വളരുന്ന ലാബ് ശൃംഖലകളിലൊന്നായ ന്യൂബർഗ് ഡയഗണോസ്റ്റിക്‌സ് കോവിഡ്-19 പകർച്ചവ്യാധിക്കിടയിലും മറ്റുള്ളവർക്ക് സഹായവുമായി ജീവൻ അപായപ്പെടുത്തി പോലും മുന്നിൽ നിന്ന് പോരാടിയ പ്രവർത്തകരെ ആദരിച്ചു. നഗരത്തിൽ ഒരുക്കിയ സ്വീകരണത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കോവിഡിനെതിരെ മുന്നിൽ നിന്നും പോരാടിയ ആരോഗ്യ പ്രവർത്തകർ, പൊലീസ്, മറ്റ് സർക്കാർ വകുപ്പുകൾ തുടങ്ങിയവയിലെ ജീവനക്കാർക്ക് മന്ത്രി മെമന്റോയും കോവിഡ് സംരക്ഷണ കിറ്റും നൽകി ആദരിച്ചു.
അവരവരുടെ ജീവിതം അപായപ്പെടുത്തികൊണ്ട് പോലും ഓരോ ദിവസവും നമ്മെ സംരക്ഷിച്ച മുൻനിര പോരാളികളോട് നന്ദിയുണ്ടെന്നും കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതിൽ ഇതുവരെ വിജയം വരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടെന്നും ഇവരുടെ ശ്രമങ്ങളിലായിരുന്നെങ്കിൽ ഇത് സാധ്യമാകില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പകർച്ചവ്യാധി കാലത്ത് നിസ്വാർത്ഥ സേവനം നടത്തിയ സഹജീവികളോട് നന്ദി പറയാൻ വാക്കുകളില്ലെന്നും അവരുടെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് അംഗീകാരം നൽകുന്നതിനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നും രാജ്യത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരെ ആഘോഷിക്കുകയാണെന്നും ന്യൂബർഗ് ഡയഗണോസ്റ്റിക്‌സ് ഗ്രൂപ്പ് സിഇഒ ഐശ്വര്യ വാസുദേവൻ പറഞ്ഞു.
ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോർപറേഷൻ സെക്രട്ടറി, സിറ്റി പൊലീസ് മേധാവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.