കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നേരത്തെ മൂന്ന് ദിവസം അടച്ചിടാനായിരുന്നു തീരുമാനം. പാളയം മാര്‍ക്കറ്റിലേക്കുള്ള പച്ചക്കറി വാഹനങ്ങള്‍ തടമ്പാട്ട്താഴത്തെ മാര്‍ക്കറ്റിലെത്തിക്കും. ഏഴ് ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനക്ക് ശേഷമെ വ്യാപാരികളെ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കൂ. കലക്ടര്‍ എസ് സാംബശിവറാവുവാണു ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റായ കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കോവിഡ് വ്യാപനം ആശങ്ക വര്‍ധിപ്പിക്കുകയാണ്. ദിനംപ്രതി ആയിരങ്ങള്‍ എത്തുന്ന മാര്‍ക്കറ്റിൽ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്നതാണ് ഇപ്പോൾ ആശങ്ക ഉണ്ടാക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും മറ്റ് നടപടികള്‍ സ്വീകരിക്കുക. കോഴിക്കോട് കോവിഡ് രോഗബാധിതര്‍ ഓരോ ദിവസവും കൂടുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ബുധനാഴ്ച മാത്രം 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വർധിപ്പിക്കുന്ന നടപടികളാണ് ആരോഗ്യ വിഭാഗം നടത്തി വരുന്നത്. പാളയം മാര്‍ക്കറ്റില്‍ 760 പേരില്‍ നടത്തിയ പരിശോധനയിൽ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പച്ചക്കറി കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, പോർട്ടർമാർ എന്നിവർക്കാണ് പരിശോധന നടത്തിയത്. രോഗലക്ഷണമില്ലാത്തവർക്ക് വീടുകളിൽ ചികിത്സ നൽകും.