Editor's ChoiceHealthKerala NewsLatest NewsNews

സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് 83000 ലിറ്റർ സാനിറ്റൈസർ കെഎസ്ഡിപി നൽകുന്നു.

തിരുവനന്തപുരം / കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ സുരക്ഷ ഒരുക്കാൻ 83000 ലിറ്റർ സാനിറ്റൈസർ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) നൽകുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 4402 സർക്കാർ-എയിഡഡ് സ്‌കൂളുകളിലാണ് സാനിറ്റൈസർ വിതരണം ചെയ്യുക. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ച ഓർഡർ പ്രകാരമാണ് സാനിറ്റൈസർ നൽകുന്നത്.ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂർ, വയനാട്, ജില്ലകളിൽ വിതരണം തുടങ്ങി. കാസർകോട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം തിങ്കളാഴ്ച തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശത്തെ തുടർന്നാണ് കെഎസ്ഡിപി സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കുറഞ്ഞവിലയിലാണ് കെഎസ്ഡിപി സാനിറ്റൈസർ വിപണിയിലിറക്കിയത്. ഇതോടെ പൊതുവിപണിയിലെ സാനിറ്റൈസർ വില നിയന്ത്രിക്കാനും കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ്ബൂത്തുകളിലേക്ക് ആവശ്യമായ സാനിറ്റൈസർ കെഎസ്ഡിപി ഉൽപാദിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി 2.5 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് കലവൂരിലെ ഫാക്ടറിയിൽ നിർമ്മിച്ചത്. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസർ നിർമ്മിക്കുന്നതും കെഎസ്ഡിപിയാണ്. തുടക്കത്തിൽ അരലിറ്റർ ബോട്ടിലിലായിരുന്നു സാനിറ്റൈസർ പുറത്തിറക്കിയത്. ഇപ്പോൾ 250, 200, 100 മില്ലീലിറ്ററിനു പുറമേ അഞ്ച് ലിറ്ററിന്റെ ബോട്ടിലും വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 20ലക്ഷം സാനിറ്റെസർ കെഎസ്ഡിപി ഉൽപാദിപ്പിച്ചു. 51.88 കോടി രൂപയുടെ വിറ്റുവരവും ഇതിലൂടെ നേടി. കൊവിഡിനെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വെള്ളിയാഴ്ചയാണ് തുറന്നിരിക്കുന്നത്. നിലവിൽ10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
/റിലീസ്/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button