CrimeKerala NewsLatest NewsLocal NewsNationalNews

അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദ് അലിയും, കെ.ടി.റമീസും ചേർന്ന് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തി, എൻ ഐ എ ഭീകര ബന്ധം ഉറപ്പിക്കുന്നു.

അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് അലിയും, കെ.ടി.റമീസും ചേർന്ന് കഴി‍ഞ്ഞ വർഷം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നും, ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകൾക്കു കൈമാറുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും, എൻഐഎ യുടെ കണ്ടെത്തൽ. സ്വര്‍ണക്കടത്തുകേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് അലിയാണ് ശനിയാഴ്ച അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ കെ.ടി.റമീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ ചുവടു പിടിച്ചാണ് മുഹമ്മദ് അലിയെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്.
സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ആള്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്ന കാര്യം എൻഐഎ ആണ് വെളിപ്പെടുത്തിയത്. കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി വെറുതെ വിടുകയായിരുന്നു.
തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിർണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നത്. തീവ്രവാദ ബന്ധം സംശയിച്ചിരുന്ന കൈവെട്ട് കേസിലെ പ്രതി സ്വർണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വർണക്കടത്തിലെ തീവ്രവാദ ബന്ധത്തിന്റെ കൂടുതൽ ഉള്ളറകൾ തേടുകയാണ് ഇപ്പോൾ എൻഐഎ. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് അലിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ ഇതുവരെ 10 പേരെയാണ് എൻഐഎ ഇതിനകം അറസ്റ്റ് ചെയ്തത്. അതിൽ 3 പേരെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ആറു പേരുടെ വീടുകളില്‍ ഞായറാഴ്ച എന്‍ഐഎ റെയ്ഡ് നടത്തുകയുണ്ടായി. കെ.ടി.റമീസ്, മുഹമ്മദ് ഷാഫി, സയീദ് അലവി, പി.ടി.അബ്ദു എന്നിവരുടെ മലപ്പുറത്തെയും റബിൻസ്, ജലാൽ എന്നിവരുടെ എറണാകുളത്തെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. 2 കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകൾ, 8 മൊബൈൽ ഫോണുകൾ, 1 ടാബ്‌ലറ്റ്, 6 സിം കാർഡുകൾ, 1 ഡിജിറ്റൽ വിഡിയോ റെക്കോർഡർ, 5 ഡിവിഡികൾ എന്നിവ എൻ ഐ എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകള്‍, ബാങ്ക് പാസ് ബുക്കുകള്‍, യാത്രാ രേഖകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവയും പിടിച്ചെടുതത്തിൽ പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button