കുട്ടികള്‍ കുഴല്‍ കിണറില്‍ വീണാല്‍ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി നെടുങ്കണ്ടം സ്വദേശി
ഇടുക്കി: കുഴല്‍ കിണറില്‍ കുട്ടികള്‍ വീണാല്‍ രക്ഷിക്കാനുള്ള പദ്ധതിയുമായി നെടുങ്കണ്ടം സ്വദേശി ചാള്‍സ്. പദ്ധതിയുടെ രൂപരേഖ തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി ലഭിച്ചിരിക്കുന്നതിനാല്‍ പദ്ധതി, ഉടന്‍ യാഥാര്‍ത്ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ചാള്‍സ്. തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ച, അപേക്ഷയില്‍ ഐടി ഡിപ്പാര്‍ട്ട്മെന്റും തിരുച്ചി കളക്ടറേറ്റും, മറുപടി നല്‍കിയിട്ടുണ്ട്.
കുഴല്‍ കിണറില്‍ കുട്ടി കിടക്കുന്നതിന് അനുസരിച്ച്, രക്ഷാ പ്രവര്‍ത്തനത്തിനായി നാല് മാര്‍ഗങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികള്‍ കുഴല്‍ കിണറുകളില്‍ വീണാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കൃത്യമായ സംവിധാനങ്ങളില്ല. പലപ്പോഴും ദിവസങ്ങളോളം രക്ഷാ പ്രവര്‍ത്തനം നീളാറുണ്ട്.
അപകടത്തില്‍പെട്ട കുട്ടി മരണപെടുകയും ചെയ്യുന്നു. തമിഴ്നാട്ടില്‍ നടന്ന അപകടത്തിന്റെ, രക്ഷാ പ്രവര്‍ത്തനം, വാര്‍ത്തകളില്‍ കണ്ടതോടെയാണ് നെടുങ്കണ്ടം മൈനര്‍ സിറ്റി സ്വദേശിയായ വെട്ടിക്കുഴിചാലില്‍ ചാള്‍സ്, രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ രൂപരേഖകള്‍ തയ്യാറാക്കിയത്.
റബര്‍ ട്യൂബുകളുടെയും പ്രത്യേക യന്ത്രത്തിന്റെയും സഹായത്തോടെ വിവിധ രീതികളില്‍ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിയ്ക്കാനാവുമെന്നാണ് ചാള്‍സ് വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുന്നതോടെ ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് ഐടി ഡിപ്പാര്‍ട്ട്മെന്റും തിരുച്ചി കളക്ടറേറ്റും മറുപടി നല്‍കിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ വൈദഗദ്ധ്യമുള്ളയാളാണ് ചാള്‍സ്.