കുറ്റ്യാടിയിൽ ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു . രോഗവ്യാപനം അതിരൂക്ഷമായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം. അണു നശീകരണത്തിനായി ആശുപത്രി രണ്ട് ദിവസത്തേക്ക് അടച്ചു.
അതേസമയം വലിയങ്ങാടിയിൽ കടകൾ തുറന്ന വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല അധ്യക്ഷനടക്കം എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വലിയങ്ങാടിയിലെ കണ്ടയിൻമെൻറ് സോണിൽ അല്ലാത്ത കടകൾ തുറക്കാമെന്ന് തീരുമാനമായിട്ടും തുറക്കാതായപ്പോൾ ആണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ തുറക്കാൻ തീരുമാനിച്ചത്. വ്യാപാരികൾ കട തുറക്കാനെത്തിയതിന് പിന്നാലെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വലിയങ്ങാടി ഇപ്പോഴും കണ്ടെയ്ൻമെൻ്റ് സോണാണെന്നും ഇതു സാധൂകരിക്കുന്ന ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിനും പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരവും പത്ത് കടയുടമകൾക്കെതിരെ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി. വ്യാപാരികളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറൂദ്ദീൻ നേരിട്ട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നസറൂദീൻ വ്യാപാരികളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും മുന്നറിയിപ്പ് നൽകി.