CinemaMovieMusicUncategorized

“ദാസേട്ടനെക്കാൾ വലിയ ഗായകരാണ് ഇവരെന്ന് ചിലർ പറഞ്ഞാൽ അത് ശുദ്ധ മണ്ടത്തരമാണ്”; ട്യൂൺ മാറ്റി പാടുന്നതിനെതിരെ കൈതപ്രം

പഴയാകാല ഗാനങ്ങളുടെ ട്യൂൺ മാറ്റി ന്യൂ വേർഷനിൽ നിരവധി ഗാനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഒർജിനൽ ഗാനത്തെ ഇഷ്ടപ്പെടുന്നവർക്കൊന്നും തന്നെ അത്രയ്ക്ക് ഇഷ്ട്ടപെടുന്ന വിധമല്ല ഗാനങ്ങളുടെ മാറ്റം. എന്നാൽ ഈ പുതിയ രീതിയെയും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഇപ്പോഴിതാ സിനിമാ ഗാനങ്ങൾ ട്യൂൺ മാറ്റിപ്പാടുന്നതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. സിനിമാ ഗാനങ്ങൾ അത്തരത്തിൽ മാറ്റിപ്പാടി പ്രദർശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു കൈതപ്രം പറഞ്ഞത്.

സംഗതികളിട്ട് പാടിയാൽ ആരേക്കാളും മികച്ച രീതിയിൽ ദാസേട്ടനും ചിത്രയുമൊക്കെ പാടുമെന്നും സമയ പരിമിതി ഇല്ലാത്തതിനാൽ ഹരീഷ് ശിവരാമകൃഷ്ണനെപ്പോലുള്ളവർക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തുസാഹസവും കാണിക്കാമെന്നും കൈതപ്രം പറഞ്ഞു. ദേവാങ്കണങ്ങളും ദേവിയുമെല്ലാം പലരും ട്യൂൺ മാറ്റി പാടുന്നത് ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കൈതപ്രത്തിന്റെ മറുപടി.

‘അങ്ങനെ മാറ്റിപ്പാടി പ്രദർശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ച് നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണ് എന്നതിൽ തർക്കമില്ല. അദ്ദേഹം പാടിയ ‘രംഗപുര വിഹാര’ പോലുള്ള ശാസ്ത്രീയ ഗാനങ്ങളുടെ ആരാധകനാണ് ഞാൻ. എന്നാൽ സിനിമകളിൽ പാട്ടുകൾ പാടുന്നത് ഒരു ചതുരത്തിനുള്ളിൽ നിന്നാണ്. അതിൽ നിന്ന് പുറത്തു പോകാനുള്ള അനുവാദം ഗായകർക്ക് ഉണ്ടായിരുന്നില്ല, കാരണം റെക്കോഡിൽ മൂന്നോ നാലോ മിനിറ്റിൽ പാടിത്തീർക്കണം. ആ കുറുക്കൽ തന്നെയാണ് സിനിമാപാട്ടുകളുടെ സൗന്ദര്യവും.

ഈ പാട്ട് കേട്ട് ദാസേട്ടനെക്കാൾ വലിയ ഗായകരാണ് ഇവരെന്ന് ചിലർ പറഞ്ഞാൽ അത് ശുദ്ധ മണ്ടത്തരമാണ്. അതിനാൽ ‘ദേവാങ്കണങ്ങൾ’ കൈവിട്ട് പാടിയാൽ എനിക്കത് ഇഷ്ടപ്പെടില്ല, അത്രമാത്രം, കൈതപ്രം പറഞ്ഞു. റഫീക്ക് അഹമ്മദും ഹരി നാരായണനുമാണ് പുതിയ കാലത്തെ ഗാനരചയിതാക്കളിൽ തനിക്കേറെ ഇഷ്ടപ്പെട്ടവരെന്നും അവരുടെ പാട്ടുകളിൽ സാഹിത്യം ഉൾച്ചേർന്നിട്ടുണ്ടെന്നും അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു. സ്പിരിറ്റ് എന്ന സിനിമയിലെ റഫീക്കിന്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, പുതിയകാലത്തെ ഗാനരചയിതാക്കളുടെ ഒരു പരിമിതിയായി തോന്നിയിട്ടുള്ളത് അവർക്ക് ഒരേ സമയം വ്യത്യസ്തങ്ങളായ സിനിമകൾ വരുമ്പോൾ വിജയകരമായി അതിജീവിക്കാനാകുന്നില്ല എന്നതാണെന്നും കൈതപ്രം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button