രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കോ?: പൈലറ്റിനെതിരെ പടയൊരുക്കവുമായി ഗെഹ്‌ലോട്ട്
ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയം നേടിയിട്ടും കൗണ്‍സിലര്‍മാര്‍ കൊഴിഞ്ഞുപോകുന്നത് പാര്‍ട്ടിക്ക് തടയാനാകുന്നില്ല. ഇതിനു പിന്നില്‍ സച്ചിന്‍ പൈലറ്റാണെന്നാണ് ഗെഹ്‌ലോട്ട് പക്ഷം ആരോപിക്കുന്നത്.
സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെ സിലാ പരിഷത്തില്‍ ഭരണം നഷ്ടമായതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പിടിച്ചുലച്ചിരിക്കുന്നത്. ആകെ 50 സീറ്റുള്ള സിലാ പരിഷത്തിലേക്ക് 27 സീറ്റ് നേടി ഭരണം ഉറപ്പിച്ചതാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി പാളയത്തിലേക്ക് പോയതോടെ ഭരിക്കാമെന്ന മോഹം കോണ്‍ഗ്രസിന് ഉപേക്ഷിക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭരണം നഷ്ടമായതിനെക്കുറിച്ച് പ്രതികരിച്ചത്.
എന്നാല്‍ സച്ചിന്‍ പൈലറ്റിനെ കുറ്റപ്പെടുത്തി മുഖം രക്ഷിക്കാനാണ് ഗെഹ്‌ലോട്ട് ശ്രമിക്കുന്നത്. മൂന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം പോയതോടെയാണ് സിലാ പരിഷത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായത്. മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ രമാദേവി ബിജെപി പാളയത്തിലെത്തിയത് സച്ചിന്‍ പൈലറ്റിന്റെ പിന്തുണയോടെയാണ് എന്നാണ് ഗെഹ്‌ലോട്ട് പക്ഷം ആരോപിക്കുന്നത്. എന്നാല്‍ രമാദേവിയെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് പൈലറ്റും കൂട്ടരുമായിരുന്നു.
വാഗ്ദാനങ്ങള്‍ ഏറെ നല്‍കിയെങ്കിലും രമാദേവി ബിജെപി പക്ഷത്ത് ഉറച്ചു നിന്നു. മാത്രമല്ല ബിജെപി രമാദേവിയെ സിലാ പ്രമുഖ് സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതോടെ സച്ചിന്‍ പൈലറ്റും പാര്‍ട്ടി വിടുമെന്ന് ഹൈക്കമാന്‍ഡിനെ വിശ്വസിപ്പിച്ചാണ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തിയത്. മഹാരാഷ്ട്രയിലെ യുവനേതാവ് മിലിന്ദ് ദിയോറയും സച്ചിന്‍ പൈലറ്റും ബിജെപിയിലേക്ക് ചേക്കേറുമെന്ന് പലരും പറഞ്ഞു.
എന്നാല്‍ ഹൈക്കമാന്‍ഡിന്റെ കടുത്ത അവഗണനയിലും അവര്‍ പാര്‍ട്ടി വിട്ടില്ല. ഇപ്പോള്‍ സച്ചിന്‍ പൈലറ്റിനെ ഏതുവിധേനയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള നീക്കമാണ് ഗെഹ്‌ലോട്ട് നടത്തുന്നത്. മരണംവരെയും മുഖ്യമന്ത്രി കസേര കൈവിട്ടു പോകില്ലെന്ന് ഉറപ്പിക്കാനാണ് യുവനേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് ദുര്‍ഭരണത്തിനെതിരെ ജനം പ്രതികരിക്കുന്നതാണ് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതെന്നും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിക്കു ഭയമാണെന്നും മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നു.