Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

ആരിഫ് മുഹമ്മദ് ഖാൻ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമെന്ന് സി പി ഐ,ഗവർണർക്കെതിരെ വ്യക്തിഗത പരാമർശവും ആക്ഷേപവും.

തിരുവനന്തപുരം/ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വ്യക്തിഗത പരാമർശവും ആക്ഷേപവുമായി സി പി ഐ മുഖപത്രം. ആരിഫ് മുഹമ്മദ് ഖാൻ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമെന്ന വിമർശനം ആണ് സി പി ഐ മുഖപത്രത്തിന്റെ മുഖപ്രസംഗത്തിൽ ഉന്നയിച്ചിരിക്കുന്നത്. ജനവിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ മനോനിലയുള്ളയാളായി ആരിഫ് മുഹമ്മദ് ഖാനെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗത്തിൽ, ആര്‍എസ്എസിന്റെ ദാസ്യപ്പണി ചെയ്യുന്ന ആളായി ആരിഫ് മുഹമ്മദ്ഖാനെ കുറ്റപ്പെടുത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഡിസംബർ 23 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ ഗവർണർ തള്ളിയ സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി സി പി ഐ രംഗത്ത് വന്നിരിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാനെ ആർഎസ്എസ് നിയോഗിച്ചത് അവരുടെ അജണ്ട വേഗത്തിലാക്കാൻ വേണ്ടിയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നും മുഖപത്രത്തിൽ പറയുന്നു. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. അതേസമയം, കാർഷിക നിയമങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പരാമർശം ഗവർണർ വായിക്കുമോ എന്നത് നിർണായകമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് പിറകെ സി പി ഐ കൂടി രംഗത്ത് വന്നിരിക്കുന്നത്.

മുഖ പ്രസംഗം ഇങ്ങനെയാണ്.

ഭരണഘടനാപദവി രാഷ്ട്രീയ കസര്‍ത്തിനുപയോഗിക്കുന്ന ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിന് യോഗ്യനാണോ എന്ന ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി. കൂടുതല്‍ പേരിലേക്ക് ആ സംശയം എത്തിക്കുംവിധം വീണ്ടും വീണ്ടും ആരിഫ് രാഷ്ട്രീയക്കളി തുടരുകയുമാണ്. കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്‍ന്നിരിക്കുന്നത്. കേരളം പോലെ രാഷ്ട്രീയ‑ജനാധിപത്യ‑മതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍എസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭൂരിപക്ഷ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളുകവഴി ആളാകുക എന്ന ആഗ്രഹം മാത്രമല്ല ആരിഫ് സാധിച്ചതെന്ന് പിന്നീട് ബിജെപി നേതൃത്വങ്ങളുടെ പ്രതികരണത്തോടെ വ്യക്തം.

പഞ്ചാബിനും രാജസ്ഥാനും ചത്തീസ്ഗഢിനും പിറകെ, കേരളം കൂടി കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമത്തിനെതിരെ പ്രതിക്ഷേധിക്കുകയും മറുനിയമം നിര്‍മ്മിക്കുകയും ചെയ്യുന്നത് സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന നരേന്ദ്ര മോഡിക്കും മുന്നിലെ വലിയ വെല്ലുവിളിയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കരുത്താകുന്ന നീക്കമാകുമായിരുന്നു കേരളത്തിന്റേത്.

സിഎഎ വിരുദ്ധപോരാട്ടക്കാലത്ത് കേരളം ഒറ്റക്കെട്ടായി അണിനിരന്നത് കേന്ദ്ര സര്‍ക്കാരിനെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. രാജ്യം തിളച്ചുമറിയുമായിരുന്ന വലിയ പ്രക്ഷോഭത്തില്‍ നിന്ന് ബിജെപി സര്‍ക്കാരിനെ രക്ഷിച്ചത് കോവിഡ് 19 ന്റെ അതിവ്യാപനമായിരുന്നു. കേരളത്തിന്റ സിഎഎ വിരുദ്ധ നീക്കത്തിനെതിരെയും ആര്‍എസ്എസ് ദാസ്യപ്പണിയുടെ ഭാഗമായി ആരിഫ് മുഹമ്മദ്ഖാന്‍ രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ പ്രതികരിക്കാനും പ്രമേയം അവതരിപ്പിക്കാനും സംസ്ഥാനത്തിന് എന്താണ് അധികാരമെന്ന ചോദ്യമായിരുന്നു ആരിഫ് അന്നുയര്‍ത്തിയത്. അക്കാലത്തേതിനു സമാനമായ രീതിയില്‍ തന്നെയാണ് കര്‍ഷകര്‍ക്കനുകൂലമായ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തടസ്സപ്പെടുത്തിക്കൊണ്ടും ആരിഫ് മുഹമ്മദ് ഖാന്‍ നാട്ടുകോളാമ്പിപോലെ വിളിച്ചുകൂവുന്നത്.

സംഘപരിവാര്‍ താല്പര്യങ്ങളുടെ വ്യാപനത്തിന് ഗുണമുണ്ടാക്കാന്‍, ആരിഫിന്റെ അതിരുവിട്ടുള്ള നിലപാടുകള്‍ക്കും രാഷ്ട്രീയ പ്രസംഗത്തിനും ഇടംകൊടുക്കുന്ന ചില വാര്‍ത്താമാധ്യമങ്ങളുടെ മനോനിലയും ആശങ്കകളുണ്ടാക്കുന്നതാണ്. ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാവിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും ജനായത്ത ഭരണസംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയില്‍ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി ഡിസംബര്‍ 23ന് ഒരു മണിക്കൂര്‍ സഭ ചേരാനുള്ള അനുമതിക്കായി 21ന് ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല. സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആള്‍ പ്രവര്‍ത്തിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്. ആ മന്ത്രിസഭയോട് നിയമസഭാ അംഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന പോലെ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക. കേരളത്തിലെ സാഹചര്യം ഇതില്‍നിന്നെല്ലാം വ്യത്യസ്ഥമാണെന്നിരിക്കെ ഗവര്‍ണറുടെ ജോലി, ഭൂരിപക്ഷം നഷ്ടപ്പെടാത്ത മന്ത്രിസഭയുടെ ശുപാര്‍ശനുസരിച്ച് നിയമസഭ വിളിച്ചുചേര്‍ക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്നെയാണ്.

കേരളത്തിന്റെ ദൈനദിന ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമാണ് കാര്‍ഷിക വൃത്തിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. രാജ്യത്ത് കാര്‍ഷികമേഖലക്കുണ്ടാവുന്ന പ്രതിസന്ധി മറ്റേത് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തെ അതീവഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ കാര്‍ഷിക രംഗത്ത് ഇന്നുണ്ടായിട്ടുള്ള ആശങ്കകളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യേണ്ടതും ബദല്‍ കണ്ടെത്തേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെയും നിയമനിര്‍മ്മാണ സഭയുടെയും ബാധ്യതയാണ്. സര്‍ക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ നല്‍കിയ അധികാരംകൂടിയാണത്. അതിനെ തടയാമെന്ന സംഘപരിവാര്‍ രാഷ്ട്രീയ ചിന്താഗതിയോടെ ഒരാള്‍ ഗവര്‍ണര്‍ പദവിയില്‍ കഴിയുന്നത് ഭരണഘടനാവിരുദ്ധം തന്നെയാണ്.

ജനവിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ മനോനിലയുള്ളവരെ ഇത്തരം പദവിയില്‍ നിയോഗിക്കുന്ന മോഡി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാല്‍ എതിര്‍ക്കപ്പെടേണം. എന്തുതന്നെയായാലും കേരളം രാജ്യത്തെ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമെന്നുറപ്പാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വിഷയമായതിനാല്‍ ഇക്കാര്യം സംസ്ഥാന നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തര പ്രശ്‌ന‌മായിത്തന്നെ കണക്കാക്കുമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിനുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ കേരളസമൂഹം ഒന്നടങ്കം പിന്തുണയ്ക്കുകയും ചെയ്യും. ഈമാസം 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും കാര്‍ഷിക വിഷയം ചര്‍ച്ചചെയ്യാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നു. പതിവ് പല്ലവിയാണ് ഇനിയുമെങ്കില്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യംനേരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button