CrimeEditor's ChoiceKerala NewsLatest NewsLaw,

ലൈഫ് മിഷൻ ഇടപാട്: സി ബി ഐ ചുണ്ടുവിരൽ ആർക്കൊക്കെ നേരെ.

ലൈഫ് മിഷൻ പദ്ധതി കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തത് അസാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ, ഈ ഭവന നിർമ്മാണ പദ്ധതിയിലെ കമ്മീഷൻ ഇടപാട് അതിലും അസാധാരണമെന്നാണ് സി ബി ഐ യുടെ പക്ഷം. അന്വേഷണം കൂടുതൽ സമഗ്രമാക്കാൻ സി ബി ‘ഐ തീരുമാനിക്കുമ്പോൾ കമ്മീഷൻ ‘ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരിലേക്ക് നിങ്ങും എന്നത് തീർച്ചയാവുകയാണ്. ലൈഫ് മിഷൻ മുൻ സിഇഒയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ വിദേശ യാത്രകളും, വിദേശത്തുവച്ചു സ്വപ്നയെ കണ്ടുമുട്ടിയതായുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലും ഒക്കെ ഇക്കാര്യത്തിൽ സർക്കാരിനു തിരിച്ചടിയാവും. ശിവശങ്കരൻ്റെ സന്ദർശനത്തിന് പിറകെ മുഖ്യമന്ത്രി വിദേശത്ത് എത്തി എന്നതാണ് അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയിലേക്ക് നേരിട്ട് എത്തിക്കുന്ന പ്രധാന കാരണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്ന പക്ഷം സർക്കാറിനെ മൊത്തമായി അന്വേഷണം ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

സ്വർണക്കടത്തു കേസിന്റെ തുടർച്ചയായി കേരളത്തെ ഇളക്കിമറിച്ച വെളിപ്പെടുത്തലായിരുന്നു ഓഗസ്റ്റ് ആദ്യ വാരം സ്വപ്ന സുരേഷിന്റെ മൊഴിയിൽ ലൈഫ് മിഷൻ സംബന്ധിച്ചുണ്ടായത്. പ്രതിപക്ഷം വിഷയം ഏറ്റെടുത്തെങ്കിലും ഇതിൽ സർക്കാർ കക്ഷിയല്ലെന്ന വാദമാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉന്നയിച്ചത്. പാവപ്പെട്ടവർക്കു വീടുകിട്ടുന്ന പദ്ധതിയെ തുരങ്കം വയ്ക്കാനുള്ള പ്രതിപക്ഷ ശ്രമമെന്നു പറഞ്ഞു നേരിടാൻ ശ്രമിച്ചെങ്കിലും നാൾക്കുനാൾ പുറത്തുവന്ന വിവരങ്ങൾ ലൈഫ് മിഷനെയും സർക്കാരിനെയും പൂർണ്ണമായും സംശയത്തിന്റെ നിഴലിലാക്കി. ധാരണാപത്രം ഒപ്പിട്ട ജൂലൈ 11നു തദ്ദേശഭരണ സെക്രട്ടറിയുടെ കത്തു വായിച്ചാണ് ലെഫ് മിഷൻ സിഇഒ പോലും വിവരം അറിഞ്ഞതെന്ന തുറന്നുപറച്ചിലും വൻ തിരിച്ചടിയാവും ഉണ്ടാക്കുക.

കരാർ ഒപ്പിടുന്ന ദിവസം രാവിലെ 11നു മാത്രമാണ് തന്റെ മുന്നിൽ ധാരണാപത്രം ഉൾപ്പെടുന്ന ഫയൽ എത്തിയതെന്നും വൈകിട്ട് 5നു പരിപാടിക്കു വരണമെന്നു നിർദേശമാണു തദ്ദേശവകുപ്പു സെക്രട്ടറിയുടെതായി ഉണ്ടായതെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ലൈഫ് മിഷൻ സിഇഒ വെളിപ്പെടുത്തിയത്. തദ്ദേശ െക്രട്ടറിയുടെ കുറിപ്പിൽ പദ്ധതി റെഡ് ക്രസന്റ് നേരിട്ടു നടപ്പിലാക്കുമെന്നു രേഖപ്പെടുത്തിയിരുന്നത്. ഇൗ തീരുമാനം ആരൊക്കെ ചേർന്നെടുത്തുവെന്നു സെക്രട്ടറി വെളിപ്പെടുത്തേണ്ടിവരും. അതേ സമയം ധാരണാപത്രം ഒപ്പിട്ട ചടങ്ങിൽ യുഎഇയിൽ നിന്നു റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും സംഘവും പങ്കെടുത്തിരുന്നു. ഇവരെയൊക്കെ ഒരാഴ്ച മുൻപെങ്കിലും വിവരം അറിയിച്ചു സമയം നിശ്ചയിച്ചിരുന്നു. എന്നിട്ടും എന്തിനാണ് തിടുക്കപ്പെട്ട് അധികമാരുമറിയാതെ ധാരാണാപത്രമൊരുക്കിയതെന്ന് അന്വേഷണം ഉണ്ടാവും. ഇക്കാര്യത്തിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിയോടു ലൈഫ് മിഷൻ രേഖകൾ ആവശ്യപ്പെ ട്ടിരുന്നതും, മിഷൻ സിഇഒ യു.വി. ജോസിനെ വിളിച്ചുവരുത്തിയിരുന്നതുമാണ്.

ഉപകരാറുകൾ വേണമെന്നു ധാരണാപത്രത്തിൽ നിർദേശിച്ചിരുന്നവത്രെ. അവ വച്ചില്ലെന്നു മാത്രമല്ല സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രം കരാർ നൽകണമെന്ന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം അട്ടിമറിക്കപ്പെടുകയും ചെയ്തു. ഹാബിറ്റാറ്റ് ആയിരുന്നു സർക്കാർ ഏജൻസി. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഇല്ലെന്ന കാരണത്താലാണ് ഹാബിറ്റാറ്റിനെ ഒഴിവാക്കിയത്. പകരം കരാർ കിട്ടിയ യൂണിടാക് നിർമിക്കുന്നതോ പരമ്പരാഗത രീതിയിലുള്ള കെട്ടിടവും. തിരക്കിട്ട് ധാരണ പത്രം ഒരുക്കിയതിൻ്റെ ലക്ഷ്യങ്ങൾ പുകമറ നീക്കുന്നത് ഇങ്ങനെയാണ്. തിടുക്കം കാട്ടിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്ന് ഇതിനോടകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ധാരണാപത്രത്തിൽ ചിലതു ചേർക്കേണ്ടതുണ്ടെന്നു നിയമവകുപ്പ് ഉദ്യോഗസ്ഥൻ കുറിച്ചെങ്കിലും ആ ഫയൽ നിർദേശം മുങ്ങി.നേരറിയാൻ സി ബി ഐ വരുമ്പോൾ ഇതിനൊക്കെ ഉത്തരം മുഖ്യമന്ത്രി ഉൾപ്പടെ പറയേണ്ടി വരും. പരസ്പരം വിരൽ ചൂണ്ടുമ്പോൾ അത് ചെന്ന് എത്തുന്നത് ഒക്കെത്തന്നെയും പ്രമുഖരിലേക്കാവും.

ഇമെയിലുകൾ പുറത്തുവന്നതോടെയാണ് ലൈഫ് മിഷൻ യൂണിടാക്കുമായി ഇടപെട്ടിട്ടില്ലെന്ന വാദം പൊളിഞ്ഞത്. പ്രതിപക്ഷ നേതാവ് കത്തെഴുതി ചോദിച്ചിട്ടും സർക്കാർ നൽകാതിരുന്ന ധാരണാപത്രം ഒടുവിൽ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. പദ്ധതി ഫയൽ ഇരുട്ടിവെളുക്കും മുൻപ് എല്ലാ ചുവപ്പുനാടകളും ഒഴിവാക്കി കുതിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നെങ്കിലും ഇതിനൊക്കെയുള്ള ചോദ്യത്തിന് മുട്ടുന്യായമായിരുന്നു മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്.

വിദേശത്ത് നിന്ന് സഹായം കൈപ്പറ്റുമ്പോൾ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന നിയമം നിലവിലിരിക്കെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രത്തെ അറിയിച്ചോ എന്ന ചോദ്യമായിരുന്നു അടുത്തതായി ഉയർന്നത്. പക്ഷെ പദ്ധതിയെക്കുറിച്ചു കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും വേണമെങ്കിൽ ഇനിയും അറിയിക്കാമല്ലോ എന്ന മുഖ്യമന്ത്രിയുടെ വാദവും ദുർബലമായി. ഇതിന് പുറമെ സ്ഥലം എംഎൽഎ അനിൽ അക്കരയും മന്ത്രി എ.സി. മൊയ്തീനും തമ്മിലുള്ള വാഗ്വാദം വക്കീൽ നോട്ടിസിൽ വരെയെത്തി. ഇതിനിടെയാണ് മന്ത്രിപുത്രനു കോഴ കിട്ടിയെന്ന വിവരം പുറത്ത് വന്നത്. മന്ത്രിമാരുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടിയോ സർക്കാരോ ചുമക്കേണ്ടതില്ല എന്ന വാദം പറയാമെങ്കിലും സർക്കാറിൻ്റെ പങ്കിനെ ഒന്നുകൂടി ഉറപ്പിക്കുന്നതായി ഈ ആരോപണം.

വിഷയത്തിൽ ദൂസുചന തിരിച്ചറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇടപാടിൽ വിജിലൻസ് അന്വേഷണ സാധ്യത ആരായാൻ സർക്കാരിനോടു നിർദേശിച്ചെങ്കിലും അപ്പോൾ സർക്കാർ അനങ്ങിയില്ല. സി ബി ഐ വന്ന് പണി പാളും എന്ന് ബോധ്യപ്പെട്ടപ്പോഴാണ് കണ്ണിൽ പൊടിയിടാനെന്ന വണ്ണം വിജിലൻസിനെ രംഗത്തിറക്കിയത്. കുടുതൽ തെളിവുകളുമായി സി ബി ഐ അന്വേഷണം കടുപ്പിക്കുന്ന പക്ഷം ഒരു ശിവശങ്കരനിലും സ്വപ്നയിലും ഒതുക്കി രക്ഷപ്പെടാമെന്ന സർക്കാർ വ്യാമോഹത്തിനാണ് തിരിച്ചടി നേരിടുന്നുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button