ലൈഫ് മിഷന്‍ ഫയലുകൾ ക്ലിഫ് ഹൗസിലേക്ക് മാറ്റി,
NewsKeralaNationalLocal News

ലൈഫ് മിഷന്‍ ഫയലുകൾ ക്ലിഫ് ഹൗസിലേക്ക് മാറ്റി,

കേരളത്തിലെ പാവങ്ങൾക്കായുള്ള ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ പറ്റിയവരിൽ പലഉന്നതരുമുണ്ടെന്ന എൻഫോഴ്‌സ്‌മെന്റിനു വിവരം ലഭിച്ചതിനു പിറകെ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വ്യാഴാഴ്ച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് മാറ്റി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവൻ കാണണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അതനുസരിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ ഫയലുകൾ ആണ് പിന്നീട് ക്ലിഫ് ഹൗസിലേക്ക് മാറ്റുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ടു എന്‍ഫോഴ്സ്മെന്റ് രേഖകൾ ആവശ്യപ്പെടാനുള്ള സാധ്യത വർധിച്ചു വരുന്ന സാഹചര്യത്തിലാണ്, പദ്ധതിയുടെ ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പെട്ടെന്ന് ഔദ്യോഗിക വസതിയിലേക്ക് മാറ്റിയിരിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിയമവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ ഫയലുകളും രേഖകളും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ എടുത്ത സ്വകാര്യ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയതില്‍ പല ഉന്നതരും ഉണ്ടെന്ന കാര്യം റെഡ് ക്രസന്റ് ഉടമയെ ചോദ്യം ചെയ്യുമ്പോഴാണ് പുറത്ത് വരുന്നത്. 20 കോടിയുടെ പദ്ധതിയിൽ നിന്ന് നാലിലൊന്നു വരുന്ന തുകയാണ് ഉദ്യോഗസ്ഥന്മാരും ഇടനിലക്കാരും ചേർന്ന് അടിച്ചു മാറ്റുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനു ഇക്കാര്യത്തിൽ ഉള്ള നിർണ്ണായക പങ്ക് വ്യകതമായിരിക്കെ, എം ശിവശങ്കറിന് പുറമേ, സ്വപ്ന വഴി കമ്മീഷന്‍ വാങ്ങിയവരുടെ പട്ടിക സര്‍ക്കാരിലെ ഏതെല്ലാം പ്രമുഖരിലേക്ക് നീങ്ങുന്നുവെന്നറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ എൻഫോഴ്‌സമെന്റ്. ഇതുമായി ബന്ധപെട്ടു ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് എടുക്കാനിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമല്ല, ഭരണതലപ്പത്തുള്ളവർക്കും കമ്മീഷന്റെ പങ്ക് എത്തിയിട്ടുണ്ടാകാമെന്നാണ് എൻഫോഴ്‌സമെന്റ് ഇക്കാര്യത്തിൽ കരുതുന്നത്. റെഡ് ക്രസന്റും ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവെച്ചത് സിഇഒ യു.വി ജോസായിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം റെഡ് ക്രസന്റ് ഏകപക്ഷീയമായി തയാറാക്കിയതിലും സ്വകാര്യ കമ്പനിക്ക് നിര്‍മാണ ചുമതല ഏല്‍പ്പിച്ചതിനും പിന്നിൽ ശിവശങ്കറിന്റെ കര്ങ്ങളാണ് പ്രവർത്തിച്ചത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ ഇടപാട് നടന്ന വിവരം പുറത്തുവരുമ്പോൾ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു റോളുമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന വിവരം പുറത്തുകൊണ്ടുവന്നതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളുടെ മുന്നിലേക്ക് എത്തിയില്ല. തുടർന്ന് ഓരോ ദിവസവും ലൈഫ് മിഷന്‍ പദ്ധതിയിൽ നടന്ന ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്ത് വരുകയായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയുടെ നടത്തിപ്പിന് രൂപരേഖ തയാറാക്കിയതും ഫയലുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കി സമര്‍പ്പിച്ചതും യുഎഇയിലെ റെഡ് ക്രസന്റുമായി ഇടപാട് ഉറപ്പിച്ചതും സ്വപ്നയും ശിവശങ്കറും ചേര്‍ന്നായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം എന്തെന്നോ, നടപ്പാക്കുന്ന രീതി എങ്ങനെയെന്നതിനെ പറ്റിയോ മുഖ്യമന്ത്രി അന്വേഷിക്കാൻ പോലും കൂട്ടാക്കിയില്ല. സ്വപ്നയുമായി ഉണ്ടാക്കിയ ഡീല്‍ അനുസരിച്ച് റെഡ് ക്രസന്റ് ഏകപക്ഷീയമായി തയാറാക്കിയ ധാരണാപത്രം എന്താണെന്ന് പോലും മുഖ്യമന്ത്രി നോക്കിയില്ല.
ധാരണാപത്രം ഒപ്പിടുന്നതിന് മണിക്കൂറുകള്‍ മുൻപാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസ് പോലും വിദേശ സഹകരണം അടങ്ങുന്ന കരാറിനെ കുറിച്ച് അറിയുന്നത്. വിവരങ്ങൾ എല്ലാം ശിവശങ്കര്‍ ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നു എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും പറയുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ലൈഫ് സിഇഒയെ വിളിച്ചുപറയുമ്പോഴാണ് യു വി ജോസ് ധാരണാപത്രത്തെക്കുറിച്ച് പോലും അറിയുന്നത്. റെഡ് ക്രസന്റുമായുള്ള ഇടപാടിന്റെ ഫയലുകള്‍ വിവിധ വകുപ്പുകളില്‍ നിന്ന് മിന്നൽ വേഗത്തിൽ തീര്‍പ്പാക്കിയെടുക്കാന്‍ ശിവശങ്കര്‍ തന്നെയാണ് മുന്നിൽ ഉണ്ടായിരുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ വേണ്ടിവരുന്ന പ്രക്രിയ മിന്നൽ വേഗത്തിൽ തീര്‍പ്പാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ മേശമേൽ എത്തുകയായിരുന്നു.

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും കേസിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുളളതായിസൂചനയുണ്ടെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കേസ് ഡയറി ഇ.ഡി കോടതിക്ക് കൈമാറിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button