Kerala NewsLatest NewsNationalUncategorized

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ 6 മാസംകൂടി ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി

ന്യൂ ഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകളും പ്രോസിക്യുട്ടർ ഹാജർ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിർദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്ത് നാളെ ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാർ (ജുഡീഷ്യൽ)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്. കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

ഇതിനിടയിൽ കേസിലെ പബ്ലിക് പ്രോസിക്യുട്ടർ എ. സുരേശൻ രാജി വയ്ക്കുകയും വി.എൻ അനിൽകുമാറിനെ പബ്ലിക് പ്രോസിക്യുട്ടർ ആയി സംസ്ഥാന സർക്കാർ നിയമിക്കുകയും ചെയ്തു. ഈ കാരണങ്ങളാൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് കത്തിൽ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ഏർപെടുത്തിയ ലോക്ഡൗൺ കാരണം വിചാരണ നീണ്ടു പോയി. ഇതിനിടയിൽ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ കൂടി 2020 ഓഗസ്റ്റിൽ സുപ്രീം കോടതി അനുവദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button