‘ശരിക്കും ഒരു പോരാളിയാണ്, ധൈര്യമായിരിക്കൂ’; വെന്റിലേറ്ററിന്റെ സഹായത്തോടെ 13 വർഷമായി ജീവിക്കുന്ന ലിജോയെ കണ്ട് കലക്ടർ
NewsKeralaLocal News

‘ശരിക്കും ഒരു പോരാളിയാണ്, ധൈര്യമായിരിക്കൂ’; വെന്റിലേറ്ററിന്റെ സഹായത്തോടെ 13 വർഷമായി ജീവിക്കുന്ന ലിജോയെ കണ്ട് കലക്ടർ

പാറശാല: 13 വർഷമായി കഴുത്തിനു താഴെ തളർന്ന് ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ലിജോയെ കാണാൻ കലക്ടർ നവ്ജ്യോത് ഖോസ എത്തി. ജീവിതത്തെ ചെറു പുഞ്ചിരിയോടെ നേരിടുന്ന ആ യുവാവിനെ തലോടിക്കൊണ്ട് ‘ശരിക്കും ഒരു പോരാളിയാണ് ലിജോ. ധൈര്യമായിരിക്കൂ, എല്ലാ സഹായവും ഉണ്ടാവും’ കലക്ടറുടെ വാക്കുകൾ കേട്ട് വർധിച്ച ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു.

ജീവിതഭാരങ്ങൾ ഒറ്റയ്ക്കു ചുമലിലേറ്റിയും, ലിജോയെ ഒരു കുഞ്ഞിനെപ്പോലെ പരിചരിക്കുന്ന മൂത്ത സഹോദരൻ വിപിനും ലിജോയെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്യുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.സഞ്ജീവ് തോമസും എത്തിയിരുന്നു.

‘ഇവർക്കു നല്ല ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്.’ കലക്ടർ അറിയിച്ചു ‘ അന്ത്യോദയ പദ്ധതിയിലുൾപ്പെടുത്തിയുള്ള റേഷൻ കാർഡ് നൽകി. 24 മണിക്കൂറും ഹോം വെന്റിലേറ്റർ പ്രവർത്തിപ്പിക്കുന്നതിനാൽ 6000 രൂപയോളം വൈദ്യുതി ബിൽ വരുന്നുണ്ട്. അത് പൂർണമായും സൗജന്യമായി നൽകാൻ കെഎസ്ഇബി ചെയർമാനോട് ശുപാർശ ചെയ്യും. അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭ്യമാക്കും. ചികിത്സയ്ക്കുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം ലഭ്യമാക്കാനും ശുപാർശ ചെയ്യും’.

താനും രോഗ ബാധിതനാണെന്നും കടബാധ്യത മൂലമുള്ള പ്രശ്നങ്ങൾ മൂലം ഭാര്യയും ഒപ്പമുള്ള സഹോദരിയും മാനസികചികിത്സയിലാണെന്നും സഹോദരൻ വിപിൻ വെളിപ്പെടുത്തുമ്പോൾ കലക്ടർ വേദനയോടെ ആ സങ്കടങ്ങളും കേട്ടു. ഇവരെ സഹായിക്കുന്ന പ്രദേശവാസികളെയും വാടക വീടിന്റെ ഉടമയെയും അഭിനന്ദിച്ച ശേഷമാണ് കലക്ടർ മടങ്ങിയത്.

Related Articles

Post Your Comments

Back to top button