Kerala NewsLatest News

സർവകലാശാലകളിൽ വൻതോതിൽ നിയമന തട്ടിപ്പ്

സംസ്ഥാനത്തെ സർവകലാശാലകളിൽ വൻതോതിൽ നിയമന തട്ടിപ്പ്. അനധികൃത നിയമനങ്ങളെക്കുറിച്ച് ഓഡിറ്റ് സംഘം വെളിപ്പെടുത്തുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ആറു സർവകലാശാലകളിലുമായി 911 അനധികൃത നിയമനങ്ങളുടെ പട്ടികയാണ് പരിശോധകർ പുറത്തുവിട്ടിരിക്കുന്നത്. കൊച്ചി സർവകലാശാലയിൽ 270 പേരാണ് അനധികൃത മാർഗത്തിലൂടെ കയറിപ്പറ്റിയത്. ഇത്തരത്തിലുള്ള ഏറ്റവുമധികം നിയമനങ്ങൾ നടന്നിട്ടുള്ളത് സംസ്കൃത സർവകലാശാലയിലാണ്. അവിടെ 401 തസ്തികകളിലും ജോലി നോക്കുന്നത് താത്‌കാലികക്കാരാണ്. ഫിഷറീസ് സർവകലാശാലയിൽ അംഗീകൃത തസ്തികകളിൽ 27 പേർ മാത്രമുള്ളപ്പോൾ താത്കാലികക്കാർ 96 പേരാണ്. കണ്ണൂർ സർവകലാശാലയിലും സ്ഥിരം തസ്തികകളിലുള്ളവരെക്കാൾ അധികം താത്കാലിക ജീവനക്കാർ തന്നെയാണ്. യഥാക്രമം 96- ഉം 112- ഉം എന്നതാണ് അവരുടെ കണക്ക്. മലയാളം സർവ്വകലാ ശാലയാണ് തമ്മിൽ ഭേദം. ആകെ ഒരു താത്കാലിക നിയമനം മാത്രമെ ഇവിടെയുള്ളൂ.

ആനുകൂല്യങ്ങൾ ഒഴിവാക്കുന്നതിനായി സ്ഥിരം തസ്തികകളിൽ നിയമനം നടത്താതെ താൽക്കാലികക്കാരെ നിയമിക്കുന്നത് പണ്ട് കാലത്തെ ഉള്ള രീതിയാണ്. സർവ്വകലാ ശാലകളിൽ മാത്രമല്ല ഒട്ടുമിക്ക സർക്കാർ സർവ്വീസിലും ഇത് തന്നെയാണ് സ്ഥിതി. ഇത്തരത്തിൽ താൽക്കാലികമായി പ്രവേശിക്കുന്നവർ വർഷങ്ങൾ കഴിഞ്ഞാൽ അ പോസ്റ്റിൽ സ്ഥിരമാവുകയാണ് പതിവ്. ഇങ്ങനെ സർവ്വീസിലെത്തുന്നവർ അനവധിയാണ്. അതേ സമയം ഈ പ്രവണ ഇല്ലാതാക്കുന്നത് അതത് പോസ്റ്റിലേക്ക് പരീക്ഷയെഴുതി എല്ലാ യോഗ്യതകളും തെളിയിച്ച നിരവധി ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ്.സർക്കാർ വകുപ്പുകളിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ അത് നിർവിഘ്നം നടന്നുവരുന്നു. ഒഴിവുകൾ യഥാസമയം പി.എസ്.സിക്കു റിപ്പോർട്ട് ചെയ്യാതെയാണ് അതത് വകുപ്പ് അധികാരികൾ ഇത്തരം നിയമനങ്ങൾക്ക് അവസരം ഒരുക്കുന്നത്. സ്വന്തക്കാർക്കും പാർട്ടികാർക്കും ഇഷ്ടക്കാർക്കുമൊക്കെയാണ് ഇത്തരത്തിൽ അവസരം ഒരുക്കുന്നത്.നിലവിലെ യു ജി സി നിബന്ധനകൾ ഉൾപ്പടെ കണക്കിലെടുത്താലും അതിനൊക്കെ യോഗ്യരായ നിരവധി പേർ പുറത്ത് നിൽക്കുമ്പോഴാണ് നിഗൂഡ താൽപ്പര്യം വച്ചു ചിലർ ഇത്തരം നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഊർജ്ജിതമാക്കി അതിലൂടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുവാനും വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയർത്താനുമൊക്കെയായി സർക്കാർ ശ്രമകരമായി ഇടപെടുമ്പോഴാണ് അതിന് തുരങ്കം വെക്കാൻ ചില ശക്തികൾ ഇത്തരത്തിൽ ബോധപൂർവ്വ ശ്രമം നടത്തുന്നത്. ഭാവി തലമുറയെ വച്ച് പന്താടുകയാണ് ഇത്തരം താൽക്കാലിക നിയമനത്തിലൂടെ അധികൃതർ ചെയ്യുന്നതെന്നാണ് മറ്റൊരു വശം.

ആകെ അദ്ധ്യാപക തസ്തികകളിൽ കരാർ നിയമനങ്ങൾ പത്തു ശതമാനത്തിൽ കൂടരുതെന്നാണ് യു.ജി.സി നിബന്ധന. എന്നാൽ നമ്മുടെ സർവകലാശാലകൾ ഈ നിബന്ധന പാലിച്ചുകാണുന്നില്ല. സ്ഥിരം അദ്ധ്യാപക തസ്തികകൾ ഒഴിച്ചിട്ടുകൊണ്ട് വൻതോതിൽ താത്കാലികക്കാരെ തിരുകിക്കയറ്റുന്ന സർവകലാശാലകളെ നേർവഴിക്കു കൊണ്ടുവരാൻ സർക്കാരും നടപടി എടുക്കുന്നില്ല. പക്ഷെ ഇലക്ഷൻ അടുക്കാറായതുകൊണ്ടോ അതോ നിയമ നടപടി ഭയന്നിട്ടോ എന്നറിയില്ല തൽക്കാലത്തെക്ക് ഇത്തരം നിയമനങ്ങളുടെ ഫയലുകളിൽ ഒപ്പുവെക്കണ്ടെന്ന് ഒരു അ ലിഖിത പ്രഖ്യാപനം ഉള്ളതായി കേൾക്കുന്നുണ്ട്.


അഡിഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉന്നതനാണ് ഐ എ.എസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഈ നിർദ്ദേശം നൽകിയതത്രെ. ഒപ്പം യോഗ്യരായ അദ്ധ്യാപകരുടെ കുറവ് ചൂണ്ടിക്കാട്ടി ഈയിടെ കാർഷിക സർവകലാശാലയ്ക്കു കീഴിലെ നാല് കോളേജുകളിലെ 22 കോഴ്സുകൾക്ക് അഖിലേന്ത്യാ കാർഷിക കൗൺസിൽ അംഗീകാരം റദ്ദാക്കിയിരുന്നു.കൊട്ടിഘോഷിച്ച് പരീക്ഷയും നടത്തി അഭിമുഖവും കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്ന നിരവധി ജീവിതങ്ങളെ കബളിപ്പിച്ചാണ് ഈ ക്രൂരത എന്ന് ആരും മറക്കരുത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button