അരമണിക്കൂര്‍ രാമനാമം എഴുതണം, ലോക്ഡൗണ്‍ ലംഘനത്തിന് മധ്യപ്രദേശില്‍ പൊലീസ് വക വിചിത്ര ശിക്ഷ
ഭോപാല്‍: കോവിഡിനെതിരെ പ്രതിരോധം കനപ്പിച്ച് രാജ്യത്ത് വിവിവ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലാണ്. മധ്യപ്രദേശിലും സമാന നിയന്ത്രണം നടപ്പാക്കിയ സത്ന ജില്ലയില്‍ ലോക്ഡൗണ്‍ ലംഘനം നടത്തിയവര്‍ക്ക് പൊലീസ് നല്‍കുന്ന ശിക്ഷ രസകരമാണ്. വെറുതെ പുറത്തിറങ്ങി പിടിയിലാകുന്നവര്‍ 30- 45 മിനിറ്റ് നേരം ഇരുന്ന് രാമനാമം എഴുതിക്കൊണ്ടിരിക്കണം. അതുകഴിയുന്നതോടെ വീട്ടിലിരിക്കാന്‍ ഉപദേശവും നല്‍കി ആളെ വിട്ടയക്കും.
നിയമലംഘകരെ ഒരു മണിക്കൂര്‍ നേരം വെറുതെ നിര്‍ത്തുകയായിരുന്നു നേരത്തെ ചെയ്തിരുന്നതെന്നും അടുത്തിടെ ലഭിച്ച ചെറുപുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ലഭിച്ച അറിവു പ്രകാരം ഇവരെ വെറുതെ നിര്‍ത്താതെ രാമനാമം എഴുതിക്കാമെന്ന് മനസ്സിലായെന്നും സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് സിങ് പറഞ്ഞു.
ആരെയും നിര്‍ബന്ധിച്ച് ശിക്ഷിച്ചിട്ടില്ലെന്നും മതതാല്‍പര്യം ഹനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു ദിവസമായി നടപ്പാക്കിയ ശിക്ഷ ഇതുവരെ 25 ഓളം പേര്‍ക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഒരു പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥന് ചെയ്തതാണെന്നും പൊതുവായ രീതിയല്ലെന്നും സത്ന ജില്ലാ പൊലീസ് മേധാവി ധര്‍മവീര്‍ സിങ് പറഞ്ഞു.