35 സ്ത്രീകളുടെ പട്ടികയുമായി മഹിളാ കോണ്‍ഗ്രസ്, എല്ലാ ജില്ലയിലും സീറ്റ് വേണം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്. നേതൃത്വം തയാറാക്കിയ 35 പേരുടെ പട്ടിക കെ.പി.സി.സിക്ക് കൈമാറും. ഇനിയും സ്ത്രീകളെ മത്സരിപ്പിക്കാനോ മത്സരിപ്പിച്ചാല്‍ തന്നെ ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് മഹിള കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്.
35 സീറ്റിലേക്കാണ് പട്ടിക തയാറാക്കിയതെങ്കിലും 14 സീറ്റ് ലഭിക്കുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയെ അരൂരില്‍ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടും. ലതികാ സുഭാഷിന് ഏറ്റുമാനൂരും പത്മജ വേണുഗോപാലിന് തൃശൂരും ബിന്ദു കൃഷ്ണക്ക് കൊല്ലത്തും സീറ്റ് നല്‍കണമെന്നാണ് ആവശ്യം.
പി.കെ ജയലക്ഷ്മിക്ക് മാനന്തവാടിയും ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി അധ്യക്ഷ ഡോക്ടര്‍ കെ.വി ഫിലോമിക്ക് ഇരിക്കൂറും ലാലി വിന്‍സന്‍റിന് എറണാകുളവും ഉഷാദേവി ടീച്ചര്‍ക്ക് കോഴിക്കോട് നോര്‍ത്തും നല്‍കണം. കൊച്ചി മുന്‍മേയര്‍ സൗമിനിജെയിനേയും മത്സരിപ്പിക്കണമെന്ന് മഹിള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.