സംഘപരിവാർ സംഘടനകൾക്ക് പുറത്തേക്ക് കേരളത്തിലെ ബി.ജെ.പി. വളരുന്നില്ല: കേന്ദ്ര നേതൃത്വം
കൊല്ലം: സംഘപരിവാർ സംഘടനകൾക്ക് പുറത്തേക്ക് കേരളത്തിലെ ബി.ജെ.പി. വളരുന്നില്ലെന്ന് കേന്ദ്ര നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് വിവിധ രാഷ്ട്രീയകക്ഷികളിൽനിന്ന് പ്രമുഖ നേതാക്കളെയും ഒട്ടേറെ പ്രവർത്തകരെയും ബി.ജെ.പി.യിലെത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. എന്നാൽ ഇക്കാര്യത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.
സംഘടന വളരുന്നുണ്ടെങ്കിലും ജനകീയാടിത്തറ വിപുലമാകുന്നില്ലെന്നാണ് ദേശീയനേതൃത്വത്തിന്റെ വിലയിരുത്തൽ. ആർ.എസ്.എസിന്റെയും മറ്റു പോഷകസംഘടനകളുടെയും പ്രവർത്തകർ മാത്രമാണ് പ്രാദേശികതലംമുതൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ളത്. കേരള ബി.ജെ.പി.ക്ക് രാഷ്ട്രീയസ്വഭാവം നഷ്ടമാകുന്നതിന് കാരണമിതാണെന്ന് അവർ പറയുന്നു. ബഹുജന പങ്കാളിത്തമുണ്ടായാലേ പാർട്ടി വളരൂവെന്നാണ് കേന്ദ്രനേതാക്കളുടെ നിലപാട്.
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എറണാകുളത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്ത യോഗത്തിൽ അദ്ദേഹംതന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിയോജകമണ്ഡലം ഇൻചാർജ് മുതൽ മുകളിലേക്കുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ആർ.എസ്.എസ്. ബന്ധമില്ലാത്തവർ നാലോഅഞ്ചോ പേരേ ഉണ്ടായിരുന്നുള്ളൂ. സംഘപരിവാർ സംഘടനകൾക്ക് പുറത്തുള്ളവർ പാർട്ടിയിൽ എത്തുന്നില്ല എന്നതിന് തെളിവാണിതെന്ന നിലയിലാണ് അമിത് ഷാ സംസാരിച്ചത്.
ആർ.എസ്.എസിന്റെ നിഴലിൽനിന്ന് പുറത്തുവന്ന്, ബഹുജന സംഘടനയായി ബി.ജെ.പി. മാറണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘപരിവാറിന് പുറത്തുള്ളവർ ബി.ജെ.പി.യിലേക്ക് എത്തുന്നുണ്ടെന്ന് അവർ പറയുന്നു.