മൂന്നുപതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ചരിത്ര വിജയവും മെസിയുടെ കിരീടധാരണവും എത്ര സുന്ദരം’; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ‘കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയുടെ വിജയവും ലോകോത്തര താരം ലയണല്‍ മെസിയുടെ കിരീടധാരണവും എത്ര മനോഹരം; മുഖ്യമന്ത്രി പിണറായി വിജയന്‍’. വാശിയേറിയ മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി. ഒരു ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് ഇതോടെ സാധിച്ചു. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പൂര്‍ണരൂപം
അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമാണ്. അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്‌ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെ. ഫുട്‌ബോള്‍ ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.ഇതായിരുന്നു
ഫേസ്ബുക്ക് പോസ്റ്റ്.
ഇത്തരത്തില്‍ പ്രമുഖരടക്കം അര്‍ജന്റീനയുടെ വിജയത്തില്‍ സമൂഹമാധ്യമത്തിലൂടെ ആഹ്‌ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. അര്‍ജന്റീന കളിക്കാന്‍ ഇറങ്ങുമ്പോഴൊക്കെ ആവേശത്തോടെയാണ് മണിയാശാന്‍ ഫേസ്ബുക്കില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചത്. ‘നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ’- എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
കൂടാതെ കടുത്ത ബ്രസീല്‍ ഫാനായ കടകംപള്ളി സുരേന്ദ്രനെയും മണിയാശാന്‍ ത്രോളിയിട്ടുണ്ട്. ഇത്തവണ കോപ്പ അമേരിക്കയുടെ തുടക്കം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എം എം മണിയും കടകംപള്ളി സുരേന്ദ്രനും വാക്‌പോരിലായിരുന്നു. ഒടുവില്‍ അര്‍ജന്റീനയുടെ കിരീടധാരണം യാഥാര്‍ഥ്യമായപ്പോള്‍ മണിയാശാന്റെ സന്തോഷം പങ്കുവെക്കുകയും ഒപ്പം കടകംപള്ളി സുരേന്ദ്രനെ ട്രോളുകയും ചെയ്തു. ആശാനെ, ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്‌ബോള്‍ ചരിത്രം കുറിക്കും…’- എന്ന കടകംപള്ളിയുടെ പോസ്റ്റ്. ഇതിന് മറുപടിയായി, ‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’- എന്ന് എം എം മണി രസികന്‍ മറുപടിയും ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.