ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ കൂട്ടപ്പിരിച്ചുവിടല്‍
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. 59 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കോവിഡ് സാഹചര്യത്തില്‍ ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് വിശദീകരണം.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസത്തെ ശമ്പളം നല്‍കിയത് ട്രൈബല്‍ ഫണ്ട് വകമാറ്റിയാണ്. ഈ ഫണ്ട് തിരിച്ചടയ്ക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം വന്നു, ഈ സാഹചര്യത്തിലാണ് പിരിച്ചുവിടല്‍ നടപടിയിലേക്ക് ആശുപത്രി മാനേജ്മെന്റ് നീങ്ങിയത്. അട്ടപ്പാടിയിലെ ആദിവാസികള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്.
ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച സേവനങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ച താലൂക്ക് ആശുപത്രി. നേരത്തെ ആശുപത്രി ജീവനക്കാരുടെ ദുരിതം വാര്‍ത്തയായതിന് പിന്നാലെ ശമ്പളക്കുടിശിക കൊടുത്തു തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ല. കുടിശിക കൊടുത്ത് തീര്‍ക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിലും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.