‘തല’ന്നാ സുമ്മാവാ?: ഷൂട്ടിങ്ങിൽ സ്വർണമടക്കം ആറു മെഡലുകൾ നേടി അജിത്

ഷൂട്ടിങ്ങിൽ സ്വർണമെഡൽ സ്വന്തമാക്കി അജിത്. 46-ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് നാലു സ്വർണം അടക്കം ആറു മെഡലുകൾ അജിത് നേടിയത്. ചെന്നൈ റൈഫിൾ ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് അജിത് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞുളള അജിത്തിന്റെ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
മാർച്ച് 2 മുതൽ മാർച്ച് 7 വരെയായിരുന്നു മത്സരം. സിനിമ തിരക്കുകളെല്ലാം മാറ്റിവച്ചാണ് താരം തനിക്കേറെ പ്രിയപ്പെട്ട റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത്. ചെന്നൈയിലെ റൈഫിൾ ക്ലബിൽ അജിത് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
ബോണി കപൂർ നിർമിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ ഷൂട്ടിങ് നീണ്ടുപോയതോടെയാണ് അജിത് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. വിദേശത്താണ് ‘വലിമൈ’യുടെ ഇനിയുള്ള ഷൂട്ട് നടക്കേണ്ടത്.
സിനിമയ്ക്കു പുറമേ മറ്റ് ഇഷ്‌ട വിനോദങ്ങൾക്കായും സമയം നീക്കിവയ്ക്കുന്ന താരമാണ് അജിത്. ബൈക്ക് റേസിങ്, കാർ റേസിങ്, സൈക്കിളിങ് തുടങ്ങി സാഹസികത ഏറെ ഇഷ്ടപ്പെടുന്നയാളാണ് അജിത്. അടുത്തിടെ സുഹൃത്തുക്കൾക്ക് ഒപ്പം അജിത്ത് കൊൽക്കത്തയിലേക്ക് നടത്തിയ സൈക്കിളിൽ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്പോർട്സ് വസ്ത്രങ്ങളും ഹെൽമറ്റും മാസ്കും ധരിച്ച്, റോഡ് ട്രിപ്പിന് ആവശ്യമുള്ള സന്നാഹങ്ങളുമായി യാത്ര ചെയ്യുന്ന അജിത്തിനെയാണ് ചിത്രങ്ങളിൽ കാണാനായത്.