കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ മാറ്റം; സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ പ്രതിഷേധം
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കൂട്ടത്തോടെ മറ്റ് ജില്ലകളിലെ ഡിപ്പോകളിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. കെ.എസ്.ആര്‍.ടി.സി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് എട്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
22 സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് ഡിപ്പോയില്‍ ആകെയുള്ളത് അതില്‍ എട്ടണ്ണം മാറ്റിയാല്‍ വയനാട്ടില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കുറയുമെന്നതിനാലാണ് പ്രതിഷേധം ഉയരുന്നത്. ബത്തേരിയില്‍ നിന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലേക്കാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
ബെംഗളൂരു, കോയന്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകളുമുണ്ട്. ഇതില്‍ കണ്ണൂര്‍, പൊന്നാനി ഡിപ്പോകളിലേക്ക് 2 ബസുകള്‍ വീതവും പാലാ, കോതമംഗലം, മലപ്പുറം, മാള ഡിപ്പോകളിലേക്ക് ഒരോന്നു വീതവും നല്‍കാനാണ് തീരുമാനം. അത്തരത്തില്‍ ഡിപ്പോയില്‍ നിന്ന് ബസ് മാറ്റിയാല്‍ വയനാട്ടിലെ യാത്ര ദുസ്സഹമാകും.
അതേസമയം 8 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ മാറ്റിയാല്‍ കോട്ടയം, പിറവം സര്‍വീസുകള്‍ റദ്ദാക്കണ്ട അവസ്ഥയാണ് ഉണ്ടാവുക. അത്തരത്തില്‍ സര്‍വീസ് മുടങ്ങുന്നതിനെതിരെ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനും രംഗത്തുണ്ട്.