Kerala NewsLatest NewsNewsPoliticsUncategorized

പി.എസ്.സി പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ ആയി: വിമർശനവുമായി കെ. സുരേന്ദ്രൻ

തൃശൂർ: പി.എസ്.സി പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ ആയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുൻ എം.പിയും സി.പി.എം നേതാവുമായ എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സർവകലാശാല മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി പിണറായി സർക്കാർ ഗൂഢനീക്കം നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ പി.എസ്.സിയെ നോക്കുകുത്തിയാക്കുകയാണ്. ഇത് അപകടകരമാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുകയാണ്. സി.പി.എമ്മിന്റെയുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളിൽ സ്ഥിരപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു.

കാലടി സർവ്വകലാശാലയിൽ നടന്നത് ചട്ടലംലനമാണെന്നും നേതാക്കളുടെ ഭാര്യമാർക്ക് മാത്രം മതിയോ ജോലിയെന്നും സുരേന്ദ്രൻ ചോദിച്ചു. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. പക്ഷെ ജോലിക്കാര്യത്തിൽ ഇത് ബാധകമല്ല. സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ? വഴിവിട്ട നിയമനത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തും. നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ.സുധാകരന്റെ പരാമർശം ജാതി അധിക്ഷേപമായി കാണുന്നില്ലെന്ന്? സുരേന്ദ്രൻ പറഞ്ഞു. ചെത്തുകാരൻ എന്നത് മോശം ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നു. പിണറായി വിജയൻ ചെയ്യുന്നത് തന്നെയാണ് സുധാകരനും ചെയ്തതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ബി.ഡി.ജെ.എസിലെ പിളർപ്പ് ബി.ജെ.പിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button