മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഡാമില്‍; കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹസരിബാഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയും ഗോഡ്ഡ സ്വദേശിനിയുമായ 22-കാരിയുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ പത്രാതു ഡാമില്‍ നിന്ന് കണ്ടെടുത്തത്. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കരയ്ക്കെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹസരിബാഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ആരോ ഡാമില്‍ എറിഞ്ഞതാണെന്നും പൊലീസ് കരുതുന്നു. ഡാമിന്റെ സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ ബാഗും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വിദ്യാര്‍ഥിനിയുടെ കുടുംബത്തെ പൊലീസ് വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പത്രാതു ഡാമിലെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
തിങ്കളാഴ്ച രാവിലെ ഒമ്ബത് മണി വരെ പെണ്‍കുട്ടി കോളജിലുണ്ടായിരുന്നതായി മെഡി. കോളജ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്ബത് മണിയോടെ റാഞ്ചിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കോളജില്‍നിന്ന് പോയതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്തെന്നും ബലാത്സംഗം നടന്നോ എന്നതുള്‍പ്പെടെ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും ഡി ഐ ജി എ വി ഹോംകാര്‍ പറഞ്ഞു.