ബിജെപിയില്‍ പോയതോടെ പണി തുടങ്ങി, ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടം;കിഫ്ബിക്കെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍

കോഴിക്കോട്: കേരളത്തിന് ഏറ്റവും ദ്രോഹം കിഫ്ബിയാണെന്ന് ഇ. ശ്രീധരന്‍. “കിഫ്ബി എന്നുപറഞ്ഞാല്‍ എന്താണ്. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങിക്കുക. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാന്‍ പറ്റുമോ. ഇന്ന് ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. കടംവാങ്ങി, കടംവാങ്ങി തല്‍ക്കാലം പണിയെടുക്കാം. പക്ഷേ, ആരത് വീട്ടും.
കിഫ്ബി കടംവാങ്ങി ചെയ്ത പണികള്‍ ഒന്നും ലാഭകരമല്ല, ഇതിനെല്ലാം ആര് പണം മടക്കിക്കൊടുക്കും.” – ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കിഫ്ബിക്കും സര്‍ക്കാരിനുമെതിരെ ആരോപണമുന്നയിച്ചത്. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പക്ഷേ വിദ്യാഭ്യാസ മേഖലയില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ എല്ലാ കോളേജുകളും സര്‍വലകലാശാലയും പാര്‍ട്ടി നേതാക്കളെക്കൊണ്ട് നിറച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ മേഖല വളരെത്താഴേക്ക് പോയിരിക്കുന്നു. ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷമായി നന്നായി ചെയ്യുന്നുണ്ട്. പക്ഷേ അതിന് മുമ്ബ് ഒന്നും ചെയ്തിട്ടില്ല. ശൈലജ ടീച്ചര്‍ക്ക് അതിന്റെ ക്രഡിറ്റ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുണ്ടായത് മനുഷ്യനിര്‍മിത പ്രളയമാണ്, സ്വാഭാവികമല്ല. എന്നിട്ടും പ്രളയമുണ്ടായതിന്റെ കാരണം പോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ പുനരധിവാസം സര്‍ക്കാറിന്റെ നേട്ടമായി പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.