യൂട്യൂബിലൂടെ അപമാനിച്ചു; എം.ജി ശ്രീകുമാറിൻറെ പരാതിയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

തൃശ്ശൂർ; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തു. ചേർപ്പ് പാറളം പഞ്ചായത്തിലെ വിദ്യാർഥികളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന സംഗീത റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് ഇവർ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ ഇവർ പോയെങ്കിലും രക്ഷിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വീഡിയോ നീക്കം ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവർ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ വിദ്യാർഥികൾ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് ലക്ഷത്തോളം ആളുകൾ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എം.ജി ശ്രീകുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി ഷിബു ആണ് കേസന്വേഷിക്കുന്നത്.