Latest NewsWorld

മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11ന്റെ പൈലറ്റ് മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

വാഷിങ്ടന്‍: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ11 ചാന്ദ്ര ദൗത്യത്തിലെ കമാന്‍ഡ് മൊഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി മൈക്കല്‍ കോളിന്‍സ് (90) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു അദ്ദേഹം.

നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ നടന്നപ്പോള്‍ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്ന കോളിന്‍സ് മൈലുള്‍ക്കപ്പുറം ചന്ദ്രനെ വലം വയ്ക്കുകയായിരുന്നു. 1969 ജൂലൈ 20നാണ് മൂവര്‍ സംഘം ചന്ദ്രനില്‍ എത്തിയത്.

ചന്ദ്രനില്‍ ആദ്യം കാല്‍തൊട്ട മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ്, കൂടെ നടന്നത് എഡ്വിന്‍ ആല്‍ഡ്രിന്‍, ഇവരെ കൂടാതെ ഒരാള്‍ കൂടിയുണ്ടായിരുന്നു. കൂട്ടാളികള്‍ ഭൂമിക്ക് പുറത്തൊരു ഗോളത്തിലൂടെ നടന്ന് ചരിത്രം സൃഷ്ടിക്കുമ്ബോള്‍ ഒറ്റയ്‌ക്കൊരു പേടകത്തില്‍ ചന്ദ്രനെ വലംവച്ചയാള്‍, മൈക്കില്‍ കോളിന്‍സ്. രണ്ട് പേര്‍ ചന്ദ്രനലിറങ്ങുമ്ബോള്‍ മൂന്നാമന്‍ കമാന്‍ഡ് മൊഡ്യൂളില്‍ തുടരേണ്ടത് അനിവാര്യതയായിരുന്നു.

ഇറങ്ങിയവരെ തിരികെ ഭൂമിയിലെത്തിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ചരിത്ര പുസ്തകങ്ങളില്‍ എന്നും തന്റെ പേര് അവസാനമായിരിക്കുമെന്ന ബോധ്യമുണ്ടായിരുന്നു അയാള്‍ക്ക്, പക്ഷേ തെല്ലും പരിഭവമുണ്ടായിരുന്നില്ല. കൂട്ടാളികളില്ലാതെ മടങ്ങിപ്പോകേണ്ടി വരുമോ എന്ന പേടി മാത്രമേ ഏകാന്ത യാത്രയില്‍ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് കോളിന്‍സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

സൈനിക ഉദ്യോഗസ്ഥന്റെ മകനായി ഇറ്റലിയിലെ റോമില്‍ 1930 ഒക്ടോബര്‍ 31നാണ് കോളിന്‍സിന്റെ ജനനം. അച്ഛന് പിന്നാലെ കോളിന്‍സും സൈന്യത്തില്‍ ചേര്‍ന്നു. പറക്കലിനോടുള്ള താത്പര്യം പിന്നീട് അദ്ദേഹത്തെ വ്യോമസേനയില്‍ എത്തിച്ചു. 1963ല്‍ നാസയുടെ ഭാഗമായി.

ചന്ദ്രനില്‍ കാലുകുത്തിയില്ലെന്ന പേരില്‍ ആംസ്‌ട്രോങിനോളവും ആല്‍ഡ്രിനോളവും കോളിന്‍സ് പ്രശസ്തനായില്ല. അതുകൊണ്ടു തന്നെ മറക്കപ്പെട്ട ബഹിരാകാശ യാത്രികന്‍ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. രണ്ട് തവണയാണ് കോളിന്‍സ് ബഹിരാകാശ യാത്ര നടത്തിയത്. ജെമിനി 10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ 11ലും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button