അമ്മിക്കല്ല് കൊണ്ട് വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മോഷണ ശ്രമം

കുണ്ടറ: കേരളത്തെ ഞെട്ടിച്ചൊരു മോശണശ്രമം. അമ്മിക്കല്ലുകൊണ്ട് 81കാരിയായ വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷം മോഷണശ്രമം. കുഴിയം ആയിരവില്ലന്‍ ക്ഷേത്രത്തിനുസമീപം തടത്തില്‍ പുത്തന്‍വീട്ടില്‍ ഓമനയ്ക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് നാലോടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പരിക്കേറ്റ ഓമനയെ ആശുപത്രിയിലെത്തിച്ചത്. ആക്രമിക്കാനായി അടുക്കളയില്‍ നിന്നെടുത്ത അമ്മിക്കല്ല് കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. മുഖത്ത് മുറിവുകളും നീരുമുണ്ട്. വീടിന്റെ ഓടുകള്‍ ഇളക്കിമാറ്റിവച്ചിരുന്നു. അലമാരകളും മേശയും തുറന്നിട്ട നിലയിലാണ്. വിരലടയാള വിദഗ്ദ്ധരെത്താന് വൈകിയതിനാല്‍ പണം നഷ്ടപ്പെട്ടോയെന്ന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ഓമനയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന കള്ളന്മാര് രണ്ടരപ്പവന്റെ മാലയും കമ്മലുകളും മോഷ്ടിച്ചിരുന്നു. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരുമെത്തിയിട്ടും അന്ന് ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ മോഷണത്തിനുശേഷം ഓമന മാല ധരിച്ചിട്ടില്ല. ഇത്തവണയും മോഷ്ടാക്കള്‍ വീട്ടമ്മയുടെ കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കമ്മല്‍ വളഞ്ഞ നിലയിലാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം ഇവരെ തേവലപ്പുറത്തുള്ള ബന്ധുവീട്ടിലേക്കുകൊണ്ടുപോയി. ഓമന വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. കശുഅണ്ടി ഫാക്ടറിയില്‍നിന്ന് വിരമിച്ചശേഷം വീടിനോടുചേര്‍ന്ന് ചെറിയകച്ചവടം നടത്തിവരുകയാണ്.