മന്ത്രി കെ ടി ജലീലിൻ്റെ രാജിക്കായ് മുറവിളി; എൻ ഐ എ ഓഫിസിൽ നിന്നിറങ്ങുമ്പോൾ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

മന്ത്രി കെ ടി ജലിലിനെ എൻ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ ജലീലിൻ്റെ രാജി ശക്തമായി ഉന്നയിച്ച് പ്രതിപക്ഷ - ബി ജെ പി നേതാക്കൾ.ഇനിയും കൂടുതൽ നാണം കെടാൻ നിൽക്കാതെ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എൻ.ഐ.എ ഓഫീസിൽ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീൽ ഇറങ്ങേണ്ടത്. ആദ്യമായിട്ടാണ് കേരളത്തിലെ ഒരു മന്ത്രിയെ ഇ.ഡിയും എൻഐഎയും ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ വിഷയമാണ്. ഇനിയും നാണം കെടാൻ നിൽക്കരുത്. തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കെ.ടി.ജലീൽ ഗുരുതരമായ കുറ്റങ്ങൾ ചെയ്തിരിക്കുന്നു എന്നുള്ളതാണ് വസ്തുത. എന്നിട്ടും ഈ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ അഴിമതിക്കാരേയും സംരക്ഷിക്കാനുള്ള നിലയാണ്. അത് കേരളത്തിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും വിഷയിൽ പ്രതികരണവുമായി എത്തി.മുഖ്യമന്ത്രി എന്ത് ന്യായീകരണമാണ് ഇക്കാര്യത്തിൽ പറയാൻ പോകുന്നത് എന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ രണ്ട് ഏജൻസിക
ൾക്കും ജലീൽ നടത്തിയ കുറ്റകൃത്യങ്ങൾ ബോധ്യമായിട്ടുണ്ട്. ജലീൽ സ്വർണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുന്നു എന്നതാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ആളുകൾ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളംപറഞ്ഞാലും സത്യപറഞ്ഞാലും തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ എൻഐഎയുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ജലീലിന് ഇനിയും പിടിച്ച് നിൽക്കാനാവില്ല. മറ്റു മന്ത്രിമാരിലേക്കും ഒടുവിൽ തന്നിലേക്കും അന്വേഷണം എത്തുമെന്നുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവാഴ്ചക്ക് മുമ്പിൽ അത്തരം ന്യായീകരണങ്ങൾ പ്രസക്തിയുണ്ടാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേ സമയം ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീൽ എൻ.ഐ.എ. ഓഫീസിൽ എത്തിയതിനെ തുടർന്ന് ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻ.ഐ.എ. ഓഫീസിന് സുരക്ഷയരുക്കുന്നത്.
രാവിലെ ആറുമണിയോടെ മന്ത്രി ഓഫീസിലെത്തിയതിന് ശേഷമാണ് സുരക്ഷ ഏർപ്പെടുത്തിയത്. എൻ. ഐ.എ. ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നിൽ തന്നെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഓഫീസിലേക്ക് എത്താവുന്ന രണ്ട് വഴികളും പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു.കഴിഞ്ഞ ദിവസങ്ങളിലെല്ലാം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എൻ.ഐ.എ. ഓഫീസിനുമുന്നിലും പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഓഫീസിന് മുന്നിൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ സ്വപ്നസുരേഷിനെ ചോദ്യം ചെയ്യലിനായി എൻ.ഐ.എ. ഓഫീസിലെത്തിച്ചപ്പോൾ വൻ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധക്കാർ ഓഫീസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് പോലീസ് നടപടി.