മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുന്നു; നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന രേഖ പുറത്ത്
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുന്നു. മരം മുറിക്കാന്‍ ഉത്തരവ് നല്‍കുന്നതിന് മുന്‍പ് യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തലയൂരാനുള്ള തന്ത്രം മാത്രമാകുന്നു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തുവന്നു. അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിംഗ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ തോമസ് നല്‍കിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റേയും മന്ത്രിമാരുടേയും വാദങ്ങള്‍ പൊളിക്കുന്നതാണ് ഈ രേഖ. അത്തരത്തിലൊരു യോഗം നടന്നിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. നവംബര്‍ ഒന്നിന് ഇത്തരമൊരു യോഗം ചേര്‍ന്നില്ലെന്ന് സ്ഥാപിക്കാനാണ് ജലസേചന വകുപ്പ് ശ്രമിച്ചത്. നിയമസഭയിലും സമാനമായ വാദമാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്. നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമായതെന്നും ടി.കെ. ജോസിന് അയച്ച കത്തിന്റെ ഭാഗമായുള്ള ഉത്തരവില്‍ വ്യക്തമാണ്.
യോഗം നടന്നില്ലെന്നും അതിന് തെളിവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറയുമ്പോള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. എല്ലാ ഉത്തരവാദിത്തവും വനം വകുപ്പിന്റെ തലയില്‍വച്ച് ജലസേചന വകുപ്പ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ജലസേചന വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.
വിഷയത്തില്‍ നിലനിന്നിരുന്ന അവ്യക്തതയും ഈ രേഖയോടെ മാറുകയാണ്. നവംബര്‍ അഞ്ചിനാണ് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്. ഇതിന് മുന്നോടിയായി നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറിയുടെ ചേംബറിലെ യോഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിട്ടില്ലെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നേരത്തെ മരംമുറി സംബന്ധിച്ച് സംയുക്ത പരിശോധന നടന്നില്ലെന്ന വാദം മന്ത്രി എ.കെ ശശീന്ദ്രന്‍ തിരുത്തിയിരുന്നു.