സിഎജി റിപ്പോർട്ട് പുറത്ത് വിട്ടതിനെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്, പുറത്തുവിട്ടത് ബോധപൂർവമാണെന്ന് വിശദീകരണം, അസാധാരണ സംഭവം.

തിരുവനന്തപുരം / നിയമസഭയിൽ വെക്കും മുൻപ് സിഎജി റിപ്പോർട്ട് പുറത്ത് വിട്ടതിനെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തോമസ് ഐസക്. റിപ്പോർട്ടിലെ വിവിരങ്ങൾ പുറത്തുവിട്ടത് ബോധപൂർവമാണെന്ന് പറയുന്ന തോമസ് ഐസക്, വിവാദത്തിൽ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ പറയുകയുണ്ടായി. ജനങ്ങൾ അറിയട്ടെ എന്നാണ് താൻ കരുതിയതെന്നാണ് മന്ത്രി ചട്ടം ലംഘിച്ചുകൊണ്ട് നടത്തിയ നടപടിക്ക് നൽകിയിട്ടുള്ള അവകാശവാദം. വിഷയത്തിൽ എത്തിക്സ് കമ്മിറ്റി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും കമ്മിറ്റിക്ക് മുന്നിൽ വിശദീകരണം നൽകിയത് നാണക്കേടായി കരുതുന്നില്ലെന്നും തോമസ് ഐസക് കമ്മറ്റിക്ക് മുൻപാകെ പറയുകയുണ്ടായി. വി.ഡി.സതീശൻ എംഎൽഎ നൽകിയ അവകാശലംഘന നോട്ടീസിലാണ് മന്ത്രിയോട് ഹാജരായി വിശദീകരണം നൽകാൻ എത്തിക്സ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നത്. മന്ത്രിക്കെതിരേ ഉയർന്ന അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റി മുൻപാകെ എത്തുന്ന ആദ്യത്തെ സംഭവമാണ് കേരളത്തിൽ നടന്നിരിക്കുന്നത്. മാത്രമല്ല, സംസ്ഥാന മന്ത്രി സഭയിലെ ഒരു മന്ത്രി തന്നെ സിഎജി റിപ്പോർട്ട് സഭയിൽ വെക്കും മുൻപ് വെളിപ്പെടുത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന അസാധാരണമായ സംഭവം ആണ് ഉണ്ടായിരിക്കുന്നത്.