ആലുവയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കണ്ടെത്തി

ആലുവ: ഇന്നലെ ഉച്ചക്ക് കാണാതായ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. യുസി കോളജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടി ഇന്നലെ വീട്ടില്‍ വഴക്കിട്ട് ഇറങ്ങി പോവുകയിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് ബംഗളൂരൂവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്.
അമ്മയ്ക്ക് തന്റെ ചേച്ചിയോടാണ് സ്‌നേഹം, തന്നെ അവഗണിക്കും എന്നും പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ വഴക്കിട്ടിരുന്നു. ഉച്ചക്ക് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി വൈകീട്ട് ആയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. യുസി കോളജിന് സമീപത്തു നിന്നും പറവൂര്‍ കവലയിലേക്കു പെണ്‍കുട്ടി നടന്നു പോകുന്ന സിസിടിവി ദ്യശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പെണ്‍കുട്ടിയുടെ കൈയില്‍ ഒരു ചെറിയ ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്.
ബംഗളൂരുവില്‍ കച്ചവടം നടത്തുന്ന ഒരു മലയാളിയാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയെ കണ്ടത്. ഒറ്റക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയോട് അയാള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കച്ചവടക്കാരന്റെ മൊബൈല്‍ ഫോണിലൂടെ ബന്ധുക്കളെ വിവരമറിയിക്കുകയാണുണ്ടായത്. ബന്ധുക്കള്‍ കുട്ടിയെ കൂട്ടി കൊണ്ട് വരന്‍ പുറപ്പെട്ടിട്ടുണ്ട്.