Kerala NewsLatest NewsNewsPolitics

ശൈലജയും ഷംസീറും ജയരാജന്റെ വഴിയെ…

തലശേരി: രണ്ടാം പിണറായി സര്‍ക്കാരില്‍ അധികാരം കിട്ടാത്ത നേതാക്കള്‍ പി. ജയരാജന്റെ വഴിയിലേക്കെന്ന് ലോക്കല്‍ സമ്മേളനങ്ങളില്‍ ആരോപണം. കിട്ടുന്ന അവസരങ്ങളിലെല്ലാം പിണറായി സര്‍ക്കാരിന് പാര പണിയുകയാണ് ചില നേതാക്കള്‍ എന്നാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന വികാരം. മുന്‍ മന്ത്രി കെ.കെ. ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ കടുക്കുന്നത്.

പി. ജയരാജനെതിരെ മുന്‍പു മുതല്‍ നിലനില്‍ക്കുന്ന ആരോപണമായ പാര്‍ട്ടി വിരുദ്ധത ശക്തിയാര്‍ജിച്ചതായും ചില സമ്മേളനങ്ങള്‍ വിലയിരുത്തി. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് തലശേരിയില്‍ നിന്നും രണ്ടാമതും നിയമസഭയിലെത്തിയ എ.എന്‍. ഷംസീര്‍ എംഎല്‍എ നിയമസഭയിലടക്കം മര്യാദയുടെയും അച്ചടക്കത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായി ചില നേതാക്കള്‍ ആരോപിച്ചു. പല ആവശ്യങ്ങള്‍ക്കായി ഷംസീറിനെ സമീപിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവികളോടും അംഗങ്ങളോടും ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന് വിവിധ ലോക്കല്‍ സമ്മേളനങ്ങളില്‍ പരാതി ഉയര്‍ന്നു.

ചാനല്‍ ചര്‍ച്ചകളില്‍ ഷംസീര്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കാതെയാണ് അഭിപ്രായ പ്രകടനം നടത്തുന്നത്. രണ്ടാമതും നിയമസഭയിലെത്തിയപ്പോള്‍ മന്ത്രിയാകാന്‍ കഴിയാത്തതിന്റെ ചൊരുക്ക് തീര്‍ക്കുകയാണ് ഷംസീര്‍ എന്നുവരെ ചില ലോക്കല്‍ സമ്മേളനങ്ങളില്‍ വിലയിരുത്തലുണ്ടായി.

മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മന്ത്രിസഭയില്‍ ഒരവസരം കൂടി നല്‍കുമെന്ന് പാര്‍ട്ടി അണികള്‍ക്കും കേരളജനതയ്ക്കുമൊപ്പം അവരും വിശ്വസിച്ചു. മന്ത്രിസഭയില്‍ സ്ഥാനമില്ലാതായതോടെ ശൈലജ പ്രതിപക്ഷ എംഎല്‍എ പോലെയാണ് പെരുമാറുന്നത്. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളെ പലപ്പോഴും ഉന്നംവയ്ക്കുന്ന ശൈലജ മന്ത്രിസഭയുടെ അന്തസ് തന്നെ ഇകഴ്ത്തി കളയുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതുപോലെ ശൈലജ പെരുമാറുന്നുണ്ടെന്നും ആരോപണമുണ്ട്.

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ ഉന്നംവച്ചതിലൂടെ ശൈലജ സര്‍ക്കാരിനെ തന്നെ താറടിച്ചുകാണിച്ചുവെന്നും വിവിധ സമ്മേളനങ്ങളില്‍ ശക്തമായ അഭിപ്രായമുയര്‍ന്നു. ജയരാജന്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്ന അഭിമുഖങ്ങള്‍ പലപ്പോഴും കണ്ണൂരില്‍ പാര്‍ട്ടിക്ക് വലിയതോതിലുള്ള ഇടിവാണ് ഉണ്ടാക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.

പിജെ ആര്‍മി പോലുള്ള സമാന്തര സംഘടനകള്‍ കെട്ടിപ്പടുത്ത് പാര്‍ട്ടിയെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ ജയരാജന്‍ വളരെക്കാലമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു. സിപിഎം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കയതോടെ ജയരാജന്റെ പ്രവര്‍ത്തനം പാര്‍ട്ടിയെ നശിപ്പിക്കുന്ന വിധത്തിലായി എന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button