സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും
കോവിഡ് വ്യാപനം തീവ്രമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം വേണമെന്ന് പൊലീസ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കൂട്ടപ്പരിശോധനാ ഫലങ്ങള്‍ വരുന്നതിനാല്‍ ഇന്നും സംസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് ഉയര്‍ന്നേക്കും.
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് വ്യാപനമാണ് രണ്ട് ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ഈ നില തുടരുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രാദേശിക നിരോധനാഞ്ജ, കണ്ടെയ്മെന്റ് സോണ്‍ പ്രഖ്യാപനം, കോവിഡ് നിയമലംഘനത്തിന് പിഴ ഈടാക്കല്‍, തുടങ്ങിയവയ്ക്കപ്പുറം കാര്യമായ നിയന്ത്രണങ്ങളൊന്നും നടക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് പോകണമെന്നാണ് പൊലീസിന്റെ നിലപാട്. സംസ്ഥാന വ്യാപക ലോക്ഡൗണിന് പൊലീസ് ശുപാര്‍ശയില്ല. പകരം രോഗം കൂടിയ ഇടങ്ങളിലെല്ലാം വാരാന്ത്യ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ആലോചിക്കണം. വ്യാപാര സ്ഥാപനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിയന്ത്രണം കടുപ്പിക്കണം. ഇങ്ങിനെ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശങ്ങള്‍ കൈമാറും. അതിനൊപ്പം വാളയാറിന് പുറമെ കളിയിക്കാവിളയടക്കം സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലെല്ലാം പുറമേ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കാനും തീരുമാനമുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ വരുന്നതിനാല്‍ സംസ്ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം ഇന്നും ഉയര്‍ന്നേക്കും. മൂന്ന് ലക്ഷത്തിേലറെ പരിശോധനയില്‍ ഒന്നര ലക്ഷത്തോളം ഫലങ്ങളാണ് ഇനി വരാനുള്ളത്. ഒരു ദിവസമുള്ള കോവിഡ് കണക്ക് ഇരുപത്തയ്യായിരം വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.