വൈറലായി വെള്ളക്കെട്ടിലെ താലികെട്ട്
ആലപ്പുഴ: അപ്രതീക്ഷിതമായി മഴയെത്തിയതോടെ കേരളം അന്തംവിട്ടു നില്‍ക്കുകയാണ്. നിശ്ചയിച്ചുറപ്പിച്ച പല നിര്‍ണായക കാര്യങ്ങളും നടത്താനാവാതെ വലയുകയാണ് കേരളീയര്‍. ഇതിനിടെ വൈറലായി ഒരു വിവാഹം മാറി. ആലപ്പുഴ തലവടിയില്‍ നടന്ന കല്യാണമാണ് വൈറലായിരിക്കുന്നത്. ക്ഷേത്രവും പരിസരവും വെള്ളക്കെട്ടിലായതോടെ വധൂവരന്മാര് ക്ഷേത്രത്തിലെത്തിയത് ചെമ്പിലിരുന്നാണ്.
ചെങ്ങന്നൂരിലെ സെഞ്ച്വറി ആശുപത്രി ജീവനക്കാരായ ആകാശിന്റെയും ഐശ്വര്യുയുടെയും വിവാഹമാണ് ഇപ്പോള്‍ കേരളത്തിന്റെ മൊത്തം ശ്രദ്ധയുമാകര്ഷിച്ചിരിക്കുന്നത്. ക്ഷേത്രപരിസരത്ത് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടപ്പോള്‍ വെള്ളക്കെട്ടില്ലാത്ത സ്ഥലം വരെ കാറിലെത്തി അവിടെ നിന്നും അരക്കിലോമീറ്ററോളം ചെമ്പിലിരുന്നാണ് ഇവര്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. അരയ്ക്കൊപ്പം വെള്ളമാണ് ഇവിടെ കയറിയിരിക്കുന്നത്.
ഇവിടങ്ങളില്‍ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവോടെയാണ് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇടറോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കഴിഞ്ഞ ദിവസം വരെ ഹാളില്‍ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ വെള്ളക്കെട്ട് കാരണം ചടങ്ങുകള്‍ ഹാളില്‍ ക്രമീകരിക്കുകയായിരുന്നു. വെള്ളക്കെട്ടാണെങ്കിലും മംഗള കര്‍മം മംഗളമായി തന്നെ നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ ബന്ധുക്കളും പറയുന്നു. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്.