ജലീലിന്റെ വകുപ്പിൽ ബന്ധുവിനെ ഉൾപ്പടെ സ്ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം/ മന്ത്രി കെ.ടി. ജലീലിനു കീഴിലുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ മന്ത്രിയുടെ ബന്ധു ഉൾപ്പെടെ 13 പേരെ ചട്ടങ്ങൾ മറികടന്നു സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്തു താൽക്കാലികമായി നിയമിച്ച 70 പേരെ എൽ ഡി എഫ് സർക്കാർ പിരിച്ചുവിട്ടിരുന്നതാണ്. പകരം നിയമിച്ചവരിൽ 13 പേരെ സ്ഥിരപ്പെടുത്താനാണു നീക്കം നടക്കുന്നത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഇതു സംബന്ധിച്ച ഫയൽ പൊതുഭരണ വകുപ്പിനു സമർപ്പിച്ചിട്ടുണ്ട്. നിയമ–ധന വകുപ്പുകൾ അറിയാതെയാണ് ഇതിനുള്ള നടപടികൾ നടന്നു വരുന്നത്. ഒരു കൂട്ടരെ മാത്രം സ്ഥിരപ്പെടുത്തിയാൽ നിയമനടപടിയിലേക്കു നീങ്ങുമെന്നു ഡയറക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാർ പറഞ്ഞിട്ടുണ്ട്. ഇതിനിടെ, താൽക്കാലിക ജീവനക്കാർ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷ മാനുഷിക പരിഗണന കണക്കിലെടുത്തു തുടർനടപടികൾക്കായി അയയ്ക്കുക മാത്രമാണു ചെയ്തതെന്നു ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടി പ്രതികരിച്ചിട്ടുണ്ട്.