ഇടുക്കിയില്‍ മലയോരപ്രദേശങ്ങളിലെ രാത്രിയാത്ര നിരോധിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്് മലയോരപ്രദേശങ്ങളിലെ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാനും കലക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു. ജില്ലയില്‍ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. ഇത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, വനം, ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. അപകട സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തോട്ടം മേഖലയില്‍ മരം മറിഞ്ഞ് വീണും മണ്ണിടിഞ്ഞും മറ്റും അപകട സാധ്യത നിലനില്‍ക്കുന്നതിനാലും ഉരുള്‍പൊട്ടല്‍ സോയില്‍ പൈപ്പിംഗ് എന്നിവയ്ക്ക് സാധ്യത ഉള്ളതിനാലും ഈ മേഖലകളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.