Kerala NewsLatest NewsPoliticsUncategorized

സുധാകരന്റെ വരവിലൂടെ കേരളത്തിൽ കോൺഗ്രസ് നാമാവശേഷമാകും: പി സി ചാക്കോ

കൊച്ചി: ശാന്തി, സമാധാനം. അക്രമരാഹിത്യം എന്നീ ഗാന്ധിയൻ വിശ്വാസങ്ങളെ മുറുകെ പിടിച്ച നേതാക്കൾ ഇരുന്ന കസേരയിലേക്ക് അക്രമ രാഷ്ട്രീയക്കാരനായ കെ സുധാകരൻ എത്തുന്നതോടെ കേരളത്തിൽ കോൺഗ്രസിന്റെ സമ്ബൂർണ്ണ നാശമായിരിക്കും ഉണ്ടാവുകയെന്ന് എൻസിപി. അധ്യക്ഷൻ പി സി ചാക്കോ.കണ്ണൂരിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്തതിയായ സുധാകരൻ രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉൻമൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിന് ചുക്കാൻ പിടിച്ച ആളാണ്. ക്ഷമാശീലരായ കോൺഗ്രസ് പ്രവർത്തകർക്കും പൊതു സമൂഹത്തിനും ഉൾക്കൊള്ളാൻ കഴിയാത്ത സുധാകരന്റെ അടി തട രാഷ്ട്രീയത്തിന് കേരളത്തിൽ പ്രസക്തിയില്ല.

കോൺഗ്രസിന്റെ ഇന്നത്തെ മുഖ്യ ശത്രു ബിജെപിയും ആർഎസ്‌എസുമാണ്. ഈ സംഘടനകളുമായി പലവട്ടം സന്ധിചെയ്യാൻ തയ്യാറായ സുധാകരന് മതേതര നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയില്ല. ദേശീയ തലത്തിൽ ബിജെപിക്കെതിരെ നീങ്ങുന്ന രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കമ്യണിസ്റ്റ് വിരുദ്ധ നിലപാടിനോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ കൈ മുതൽ മാത്രമുള്ള സുധാകരന് എങ്ങിനെ പാർട്ടിയെ നയിക്കാൻ കഴിയുമെന്നും ചാക്കോ ചോദിച്ചു.

ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കുരുങ്ങിക്കിടക്കുന്ന കേരളത്തിലെ കോൺഗ്രസിനെ മോചിപ്പിക്കാൻ തിരഞ്ഞെടുപ്പ് ഒഴിവാക്കി ഹൈക്കമാന്റ് കെട്ടിയിറക്കിയ നേതാക്കളെ കൊണ്ട് കഴിയില്ല. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ശേഷം റൺ ഒന്നുമെടുക്കാതെ വീഴുന്ന മൂന്നാം വിക്കറ്റായിരിക്കും കെ സുധാകരൻ എന്നും പി സി ചാക്കോ പറഞ്ഞു.കേരളത്തിലും കേന്ദ്രത്തിലും തുടർച്ചയായി രണ്ടു പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും ഒരു ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിയാത്ത പാർട്ടി കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്. ജനാധിപത്യപരമായ പാർട്ടി തിരഞ്ഞെടുപ്പ് പോലും നടത്താൻ കഴിയാതെ നോമിനേഷൻ പാർട്ടിയായി കോൺഗസിനെ മാറ്റിയതിന്റെ ഫലം പാർട്ടിയുടെ ദുരന്തത്തെയാണ് വൃക്തമാക്കുന്നതെന്നും ചാക്കോ പറഞ്ഞു.

നാഷ്ണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി(എൻസിപി) സ്ഥാപന ദിനമായ നാളെ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ എൻസിപി പ്രവർത്തകർ പാർട്ടി പതാകകൾ ഉയർത്തി ദേശസ്നേഹ പ്രതിജ്ഞയെടുക്കുമെന്ന് പി സി ചാക്കോ പറഞ്ഞു.സ്ഥാപന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9 ന് എറണാകുളത്ത് നടക്കും.ഒരു ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന മുദ്രവാക്യം ഉയർത്തി സ്ഥാപനദിനത്തിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സംഘടിപ്പിക്കുമെന്നും പി സി ചാക്കോ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button