മുല്ലപ്പെരിയാര്‍: തമിഴ് വികാരം ആളിക്കത്തിക്കാന്‍ ആസൂത്രിത നീക്കം
മൂന്നാര്‍: മുല്ല്‌പ്പെരിയാര്‍ വിഷയത്തില്‍ കേരളക്കരയെയും തമിഴ്‌നാടിനെയും തമ്മില്‍ തല്ലിക്കാന്‍ ആസൂത്രിത നീക്കം. ഇടുക്കിയിലെ തോട്ടം മേഖലകളിലേക്ക് തമിഴ് തൊഴിലാളികളെ കൂടുതലെത്തിച്ച് പ്രശ്‌നങ്ങളുണ്ടാക്കി നേട്ടം കൊയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. പ്രളയവും കൊറോണയും മുല്ലപ്പെരിയാര്‍ വിഷയത്തെ തണുപ്പിച്ചിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളവും വേണ്ടെന്ന് തമിഴ്‌നാടും പറയുമ്പോള്‍ അതിനെ പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്കെടുത്തുയര്‍ത്താന്‍ ഇരു സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയക്കാര്‍ നല്‍കിയ സംഭവാനകള്‍ ചെറുതല്ല. തമിഴ് കര്‍ഷകരുടെ വികാരത്തെ ആളിക്കത്തിച്ച് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്ന ചില സംഘടനകളാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ചിലര്‍ പറയുന്നത്. ചില നിരോധിത സംഘടനകളും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും ഈ പ്രശ്‌നം വലുതാക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. ലഭ്യമായ സ്ഥലങ്ങളിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കാനുള്ള പരക്കംപാച്ചിലില്‍ കേരളീയര്‍ കൃഷിയെ മറന്നത് ചിലര്‍ക്ക് അനുഗ്രഹവുമായിട്ടുണ്ട്.
ഇടുക്കിയിലെ കാര്‍ഷിക മേഖലയില്‍ ഇന്ന് കൂടുതല്‍ പണിക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. എന്നാല്‍ കൂടുതല്‍ തമിഴരെ ഈ മേഖലയിലേക്ക് എത്തിച്ച് തമിഴ് ആധിപത്യം സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. തമിഴ് ആധിപത്യം വരുന്നതോടെ കാര്‍ഷികമേഖലയെ നിശ്ചലമാക്കി കേരളത്തിനെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വിടുതലൈ, ചിരുതൈ, തമിഴ് ഈയക്കം എന്നീ പേരുകളില്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതെന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. മൂന്നാര്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തെ രക്തരൂക്ഷിതമായ സമരമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നു വേണം കരുതാന്‍. കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഡിഎംകെ, എഐഎഡിഎംകെ മുതലായ തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.
കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലങ്ങളിലാണ് ദ്രാവിഡ പാര്‍ട്ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ളത്. തമിഴ്‌നാടുമായി ഇഴുകി ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലങ്ങളില്‍ കേരള വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചെറിയ ചെറിയ സമരങ്ങളിലൂടെ തൊഴിലാളികളെ തങ്ങളോടൊപ്പം കൂട്ടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഈ സംഘടനകളാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ വീണ്ടും കുത്തിപ്പൊക്കി പരമാവധി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത്.