മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി,രഹ്ന ഫാത്തിമ സുപ്രീം കോടതിയിലേക്ക്.

മകന് ചിത്രം വരയ്ക്കാൻ സ്വന്തം നഗ്‌നശരീരം അനുവദിക്കുകയും അതിന്റെ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
വിഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സൈബർ ഡോമിന്റെ നിർദേശത്തിൽ എറണാകുളം സൗത്ത് പൊലീസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്, ഐടി ആക്ടുകൾ പ്രകാരം എടുത്ത കേസിലാണ് രഹ്ന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. അരുൺ പ്രകാശ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും സംഭവത്തിൽ കേസെടുത്തിരുന്നതാണ്.
തുടർന്ന് എറണാകുളം സൗത്ത് സിഐ അനീഷ് രഹ്നയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചിത്ര രചനയ്ക്ക് ഉപയോഗിച്ച പെയിന്റുകളും ബ്രഷും ഉൾപ്പടെ പിടിച്ചെടുക്കുകയും, രഹ്നയുടെ കുട്ടികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ടു രെഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ വാദങ്ങൾക്കിടെയുള്ള കോടതി ഇടപെടലുകളിൽ നിന്ന് ജാമ്യാപേക്ഷ തള്ളുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് രഹ്ന പ്രതികരിച്ചത്. ഹൈക്കോടതി വിധിയിൽ നിരാശയുണ്ട്. കോടതികളും പൊതുബോധത്തിന് വഴിപ്പെടേണ്ടി വരുന്നു എന്നത് വിഷമം ഉണ്ടാക്കുന്നു. നീതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ പറഞ്ഞു.