പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ 3.11 ന് കൊച്ചി നാവികസേന വിമാനത്താവളത്തിലാണ് എത്തിയത്. പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് സ്വീകരിച്ചു.
നാവിക സേന വൈസ് അഡ്മിറല്‍ എ.കെ ചൗള, കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്ക്രട്ടറി സത്യജിത് രാജന്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി നാഗരാജു ചക്കിലം, കമാന്‍ഡര്‍ വി.ബി ബെല്ലാരി, തുഷാര്‍ വെള്ളാപ്പള്ളി, ഡോ. കെ.എസ് രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, ചന്ദ്രശേഖരന്, മഹബൂബ്, കെ.എസ് ഷൈജു, പ്രിയ പ്രശാന്ത്, അഡ്വ. ഒ.എം ശാലീന, പദ്മകുമാരി ടി എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം രാജഗിരി ഹെലിപ്പാഡിലേക്ക് യാത്ര തിരിച്ചു.
വിവിധ കേന്ദ്ര പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ട്, എറണാകുളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോൾ ബെർത്ത് എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപിയുടെ കോർകമ്മിറ്റിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. സന്ദർശനം പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 6 മണിയോടെ അദ്ദേഹം ഡെൽഹിയിലേയ്ക്ക് പോകും.