Latest News

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേന്ദ്ര കൃഷി മന്ത്രി

ദില്ലി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന് മുന്നില്‍ വ്യാഴാഴ്ച്ച മുതല്‍ ഉപരോധ സമരത്തിന് കര്‍ഷകര്‍ തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചര്‍ച്ചയ്‌ക്കൊള്ളൂ എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്.

പ്രതിഷേധത്തിന്റെ പാത അവസാനിപ്പിച്ച് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് എത്തണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമര്‍ രംഗത്തെത്തിയത്. കര്‍ഷക സമരം സര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവര്‍ത്തിക്കുന്നത്.

അതേസമയം പാര്‍ലമെന്റ് ഉപരോധവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കര്‍ഷക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് ചര്‍ച്ച നടത്തും. ദില്ലി പൊലീസ് ജോ. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചക്കായി പോലീസ് സംഘം കര്‍ഷകര്‍ സമരം നടക്കുന്ന സ്ഥലത്തെത്തും.

രാജ്പഥ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് കര്‍ഷകരെ അറിക്കും.
സുരക്ഷ മേഖലയായ പാര്‍ലമെന്റിന് മുന്നില്‍ നിന്ന് സമര വേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പോലീസിന്റെ ആവശ്യം. ജനുവരി 26 ന് നടന്ന സംഘര്‍ഷ സാഹചര്യം ഒഴിവാക്കണമെന്ന് ആഭ്യര്‍ത്ഥിക്കുമെന്നും ദില്ലി പോലീസ് പറഞ്ഞു. പ്രതിഷേധത്തിന് പകരം സമരം നടത്തേണ്ട സ്ഥലം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button