നവഭാരത് മേള: യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മോദിയുടെ ജന്മദിനാഘോഷം
തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനം യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേള നാഷണല്‍ ക്ലബില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. എല്‍പി, യുപി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നവഭാരത് മേള എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജന്മദിനം (എല്‍പി വിഭാഗം), നമ്മുടെ ഭാരതം (യുപി വിഭാഗം), നരേന്ദ്ര ഭാരതം (ഹയര്‍ സെക്കന്‍ഡറി) വിഭാഗം എന്നിങ്ങിനെയാണ് വിഷയങ്ങള്‍ നല്‍കിയത്. നവഭാരത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണ നിര്‍വഹിച്ചു.
നിരവധി വിദ്യാര്‍ഥികളാണ് ചിത്രരചന മത്സരത്തില്‍ പങ്കെടുത്തത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷമുള്ള പ്രധാനസംഭവങ്ങളുടെ മൂന്നു ദിവസത്തെ ചിത്രപ്രദര്‍ശനവും നവഭാരത് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി കരമന പ്രവീണ്‍ സ്വാഗതം പറഞ്ഞു. യുവമോര്‍ച്ച തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി നന്ദു അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എല്‍. അജേഷ്, മീഡിയ സെല്‍ കണ്‍വീനര്‍ ചന്ദ്രകിരണ്‍, ഐടി സെല്‍ കണ്‍വീനര്‍ അഭിലാഷ്, കിരണ്‍, രാമേശ്വരം ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.