Kerala NewsLatest NewsPolitics

യു ഡി എഫില്‍ ഘടക കക്ഷിയാകുമെന്ന് കാപ്പന്‍,എന്‍സിപി പിളരുന്നു

ന്യൂഡല്‍ഹി തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്‍പായി എന്‍ സി പി കേരളത്തില്‍ പിളരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. എല്‍ ഡി എഫ് വിട്ട് യു ഡി എഫില്‍ ചേരുമെന്ന് പരസ്യമായി വെളിപ്പെടുത്തി മാണി സി കാപ്പന്‍ രംഗത്ത് യു ഡി എഫില്‍ ഘടക കക്ഷിയായി പ്രവേശിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വെളിപ്പെടുത്തി. അതേസമയം എ കെ ശശീന്ദ്രന്റെ കൂടെയുള്ള വിഭാഗം എല്‍ ഡി എഫില്‍ ഉറച്ച് നിന്നോട്ടെ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.എന്‍ സി പി ദേശീയ നേതൃത്വം തനിക്കൊപ്പമാണെന്ന പ്രതീക്ഷയും കാപ്പന്‍ പങ്കുവച്ചിട്ടുണ്ട്.

അതേ സമയം കാപ്പന്‍ യു ഡി എഫിലേക്ക് പോകരുതെന്ന് എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്നുംദേശീയ നേതൃത്വം തങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തുമ്പോള്‍ കാപ്പന്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം എന്‍ സി പി ദുര്‍ബലമാകുന്നതോടെ കൂടുതല്‍ സീറ്റുകള്‍ അവരില്‍ നിന്നും ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് സി പി എം എന്ന് അറിയുന്നു.

പാലായ്ക്കു പുറമെ, കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സീറ്റും എന്‍.സി.പി യില്‍ നിന്ന് ഏറ്റെടുക്കാന്‍ സി.പി.എം നീക്കം. എലത്തൂരിന് പകരം കണ്ണൂരോ, മറ്റേതെങ്കിലും സിറ്റിംഗ് സീറ്റോ നല്‍കാനാണ് ആലോചന. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനു വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം. അതേ സമയം ,കണ്ണൂരില്‍ മത്സരിക്കാന്‍ നിലവിലെ എലത്തൂര്‍ എം.എല്‍.എയായ മന്ത്രി എ.കെ ശശീന്ദ്രന് താത്പര്യമില്ലെന്നാണ് സൂചന. നേരത്തേ, സി.പി.ഐയുടെ സിറ്റിംഗ് സീറ്റായ നാദാപുരമാണ് പി.മോഹനനായി പാര്‍ട്ടി ആലോചിച്ചിരുന്നത്. പകരം, ബാലുശ്ശേരി വിട്ടുകൊടുക്കാമെന്നായിരുന്നു നിര്‍ദ്ദേശം. സി.പി.ഐ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ്, എലത്തൂരിലേക്ക് തിരിഞ്ഞത്. 2011ല്‍ ഈ മണ്ഡലം രൂപീകൃതമായ ശേഷം രണ്ട് തവണയും എന്‍.സി.പി യിലെ എ.കെ ശശീന്ദ്രനാണ് ഇവിടെ നിന്ന് ജയിച്ചത്.

എന്‍.സി.പി പതിവായി മത്സരിച്ചുവന്ന ബാലുശ്ശേരി സംവരണ മണ്ഡലമായതോടെ സി.പി.എം ഏറ്റെടുക്കുകയായിരുന്നു. ഇതിനു ബദലായി എലത്തൂര്‍ നല്‍കി. കഴിഞ്ഞ രണ്ടു തവണയായി സി.പി.എമ്മിലെ പുരുഷന്‍ കടലുണ്ടിയാണ് ബാലുശ്ശേരിയുടെ പ്രതിനിധി. ഇക്കുറി അദ്ദേഹം മത്സരിക്കാനിടയില്ല. എലത്തൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി പരിപാടികളില്‍ പി. മോഹനന്‍ സജീവമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button