Latest NewsNationalNewsUncategorized

ചമോലി ജില്ലയിൽ മഞ്ഞുമല ദുരന്തം: 150 ഓളം പേർ മരിച്ചതായി സൂചന; രക്ഷാപ്രവർത്തനത്തിന്​ സൈനികരും ദേശീയ ദുരന്തനിവാരണ സേനയും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നതിനെ തുടർന്നുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ 150 ഓളം പേർ മരിച്ചതായി സൂചന. 100 -150 പേരെ കാണാനില്ലെന്ന്​ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് സ്​ഥിരീകരിച്ചു. രക്ഷാപ്രവർത്തനത്തിന്​ 600 സൈനികരും ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന്​ ട്രൂപ്പുകളും സ്​ഥലത്തെത്തി. കൂടുതൽ രക്ഷാപ്രവർത്തകർ രംഗത്തിറങ്ങുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അറിയിച്ചു. മിന്നൽ പ്രളയത്തിനുള്ള സാധ്യത സംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവൻ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂർണമായും തകരുകയും ധോളിഗംഗാ നദിയിൽ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഐ.ടി.ബി.പിയുടെ രണ്ടു സംഘവും മൂന്ന് എൻ.ഡി.ആർ.എഫ്. സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൂന്ന് എൻ.ഡി.ആർ.എഫ്. സംഘങ്ങൾ കൂടിയെത്തും. സംസ്ഥാന ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പുരോഗമിക്കുകയാണ്.

ഋഷിഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്​ കാണാതായവരിൽ അധികവും. ദുരന്തത്തെ നേരിടാൻ സർക്കാർ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു.

ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും മിർസപുരിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അളകനന്ദ നദിയുടെ തീരത്തുള്ളവരോട്​ ഒഴിയാൻ ആവശ്യ​​പ്പെട്ടു. ഹെൽപ്‌ലൈൻ നമ്പർ: 1070 / 9557444486.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button