രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയായേക്കാമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോഴുള്ള കൊവിഡ് വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായേക്കാം. എന്നാല്‍ അവയുടെ കാര്യക്ഷമത കുറയാന്‍ സാദ്ധ്യതയുണ്ടെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പോംവഴി. പരിശോധന കൂട്ടുകയും, ക്വാറന്റീന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ തിരികെ കൊണ്ടുവരേണ്ടതുണ്ട്. വാക്‌സിന്‍ കുത്തിവയ്‌പെടുക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഒരു ‘മിത്ത്’ ആണ്. വൈറസില്‍ നിന്ന് പൂര്‍ണമായും മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. എന്നാല്‍ വ്യാപനശേഷി കൂടിയ പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാദ്ധ്യമായിരിക്കും.’- അദ്ദേഹം പറഞ്ഞു.