കശ്മീരില്‍ വെല്ലുവിളിയുമായി പുതിയ ഭീകരസംഘടന
ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനായി പുതിയ ഭീകരസംഘം രംഗത്ത്. ഹര്‍ക്കത്ത് 313 വിഭാഗത്തില്‍പ്പെട്ട വിദേശ ഭീകരര്‍ കശ്മീരില്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. താഴ്‌വരയിലെ ക്രമസമാധാനം തകര്‍ക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളടക്കം ഇവര്‍ ലക്ഷ്യംവച്ചേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
താഴ്‌വരയിലേക്ക് അയയ്ക്കുന്ന ലഷ്‌കര്‍ -ഇ -ത്വയ്ബ ഭീകരരില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന പുകമറയാണോ പുതിയ ഭീകരസംഘടന എന്ന സംശയവും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഈ ഗ്രൂപ്പിനെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യമായാണെന്നും വിദേശ ഭീകരര്‍ മാത്രമാണ് സംഘടനയിലുള്ളതെന്നുമാണ് തങ്ങള്‍ക്കു ലഭിച്ച വിവരമെന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തായാലും പുതിയ ഭീകരസംഘടനയെക്കുറിച്ച് വ്യക്തത വരുത്താനുണ്ടെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജലവൈദ്യുത പദ്ധതികള്‍, വിമാനത്താവളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഹര്‍ക്കത്ത് 313 എന്ന ഭീകരസംഘടന ഉദയം കൊണ്ടിരിക്കുന്നത്. ഈ സംഘടനയെക്കുറിച്ചും അവര്‍ക്ക് സഹായം നല്‍കുന്നവരെക്കുറിച്ചും ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.