പ്രളയകാലത്തെ അനുസ്മരിപ്പിച്ച് മഴ; അണക്കെട്ടുകള്‍ നിറയുന്നു
ഇടുക്കി: സംസ്ഥാനത്ത് മൂന്നു വര്‍ഷം മുന്‍പുണ്ടായ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മഴ കനക്കുന്നു. പത്തനംതിട്ടയില്‍ ഇന്നലെ രാത്രി ഏകദേശം പത്ത് സെന്റിമീറ്റര്‍ മഴ ലഭിച്ചതായാണ് പറയപ്പെടുന്നത്. പത്തനംതിട്ടയിലെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന കക്കി, ആനത്തോട് ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ആനത്തോട് ഡാമില്‍ ഇന്നലെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.
ആനത്തോട് ഡാം ഏതു നിമിഷവും തുറന്നുവിട്ടേക്കാം. കനത്ത നഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മഴയ്‌ക്കൊപ്പമുള്ള ശക്തമായ ഇടിമിന്നല്‍ ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തുലാമാസ പൂജകള്‍ക്കായി ഇന്ന് നടതുറക്കുന്ന ശബരിമലയില്‍ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. എന്നാല്‍ പമ്പ ത്രിവേണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നു പുലര്‍ച്ചയോടെ മഴ ശക്തി പ്രാപിച്ചു. 2018ല്‍ ഉണ്ടായ പ്രളയത്തിന് സമാനമായ സാഹചര്യം ഇപ്പോഴുണ്ട്.
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിര്‍ത്താതെ പെയ്യുന്ന മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ മഴ തുടര്‍ന്നാല്‍ സംസ്ഥാനത്തെ എല്ലാ ഡാമുകളും തുറന്നുവിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴ കനത്തതിനാല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ലഘു മേഘവിസ്‌ഫോടനം നടന്നത് മഴയുടെ ശക്തി കൂട്ടിയിട്ടുണ്ട്. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.